KERALA
കെഎസ്ആർടിസി ഡിപ്പൊകൾ ഇനി ആർടി ഓഫിസുകളായി മാറും
തിരുവനന്തപുരം ; ജില്ലാ ഓഫിസുകൾ പ്രവർത്തനം ആരംഭിച്ചതോടെ ആളില്ലാതായി മാറിയ കെഎസ്ആർടിസി ഡിപ്പൊകൾ ഇനി ആർടി ഓഫിസുകളായി മാറും. 37 ഡിപ്പൊകളിലെ കെട്ടിടങ്ങൾ ആർടിഒ ഓഫിസുകളാക്കി മാറ്റാനാണു നിർദേശം. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് സ്ഥലം പരിശോധിച്ച് കെട്ടിടങ്ങൾ വിട്ടുകൊടുക്കാൻ നടപടിയെടുക്കണമെന്ന് കെഎസ്ആർടിസി ഇന്നലെ ഉത്തരവിറക്കി.
തിരുവനന്തപുരം, ആറ്റിങ്ങൽ, കാട്ടാക്കട, കഴക്കൂട്ടം, നെടുമങ്ങാട്, വർക്കല, പുനലൂർ, കുന്നത്തൂർ, പത്തനാപുരം, പത്തനംതിട്ട, അടൂർ, തിരുവല്ല, റാന്നി, കോന്നി, കുട്ടനാട്, ചങ്ങനാശേരി, പാലാ, വൈക്കം, ഉഴവൂർ, ദേവികുളം, ഡിടിസി എറണാകുളം, നോർത്ത് പറവൂർ, മട്ടാഞ്ചേരി, പെരുമ്പാവൂർ, ഗുരുവായൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, നന്മണ്ട, രാമനാട്ടുകര, കൊയിലാണ്ടി, മാനന്തവാടി, സുൽത്താൻ ബത്തേരി, തലശേരി, ഇരിട്ടി, പയ്യന്നൂർ, വെള്ളരിക്കുണ്ട് എന്നീ മോട്ടോർ വാഹന വകുപ്പ് ഓഫിസുകളാണ് സമീപത്തെ കെഎസ്ആർടിസി ഡിപ്പൊകളിലേക്ക് മാറ്റുക.
സ്വകാര്യ കെട്ടിടങ്ങളിൽ വാടക നൽകി പ്രവർത്തിക്കുന്ന ആർടിഒ ഓഫിസുകൾ കെഎസ്ആർടിസിയുടെ കെട്ടിടങ്ങളിലെത്തുന്നതോടെ കെഎസ്ആർടിസിക്ക് അധികവരുമാനം ലഭിക്കും. ആർടിഒ ഓഫിസുകളിൽ വിവിധ ആവശ്യങ്ങൾക്കായെത്തുന്ന പൊതുജനങ്ങൾക്കും ജീവനക്കാർക്കും യാത്രാസൗകര്യം വർധിക്കും.
കേരളത്തിലുടനീളമുണ്ടായിരുന്ന കെഎസ്ആർടിസി ഡിപ്പൊകളുടെ പ്രവർത്തന നിയന്ത്രണം ഇപ്പോൾ ജില്ലാ കേന്ദ്രങ്ങളിലാണ്. ജീവനക്കാരെ അടക്കം ജില്ലാ ഓഫിസിലേക്ക് മാറ്റിയതോടെ 15 ഡിപ്പൊകൾ ഒഴികെ മറ്റെല്ലാം ചുരുക്കം ജീവനക്കാരുമായി ഓപ്പറേറ്റിങ് സെന്ററുകൾ മാത്രമായി. ഇതോടെ ഡിപ്പൊ കെട്ടിടങ്ങൾ അന്യാധീനപ്പെടുന്നത് ഒഴിവാക്കാനാണ് വാടകയ്ക്കു കൊടുക്കുന്നത്.
