NATIONAL
നോയ്ഡയിലെ നൂറു മീറ്ററോറം ഉയരമുള്ള രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങൾ സ്ഫോടനത്തിലൂടെ തകർക്കാൻ ഇനി നിമിഷങ്ങൾ മാത്രം
നോയ്ഡ: 2 വർഷം മുൻപ് കേരളം സാക്ഷ്യം വഹിച്ചതുപോലൊരു ഫ്ലാറ്റ് പൊളിക്കലിന് ഇന്നു ഡൽഹിയോടു ചേർന്നുള്ള യുപി നഗരം നോയ്ഡ സാക്ഷ്യം വഹിക്കുകയാണ്. നൂറു മീറ്ററോറം ഉയരമുള്ള രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങളാണു നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നത്.
രാജ്യത്തിന്റെ ചരിത്രത്തിൽ പൊളിച്ചുനീക്കപ്പെടുന്ന ഏറ്റവും വലിയ കെട്ടിടങ്ങളാണ് 32 നിലകളുള്ള അപ്പെക്സും 29 നിലകളുള്ള സിയാനും. കുത്തബ്മിനാറിനെക്കാൾ ഉയരമുണ്ട് ഇവയ്ക്ക്. രണ്ടു വർഷത്തോളമായി സൂപ്പർടെക്കിന്റെ ഇരട്ടഗോപുരങ്ങൾ തയാറെടുപ്പുകൾ ആരംഭിച്ചിട്ട്. 15 സെക്കൻഡുകൾ കൊണ്ട് കെട്ടിടം തവിടുപൊടിയാകുമെന്നാണു കണക്കുകൂട്ടൽ. ഒമ്പതു മീറ്റർ അടുത്തുവരെ മറ്റു കെട്ടിടങ്ങളുണ്ട്. അവയ്ക്കൊന്നും തകരാറുണ്ടാവില്ലെന്നു പൊളിക്കൽ കമ്പനിയുടെ ഉറപ്പ്.
ഞായർ, 2.30.
ഇന്നുച്ചയ്ക്കു രണ്ടരയ്ക്കാണു കെട്ടിടം പൊളിക്കുന്നത്. 15 സെക്കൻഡുകൾ കൊണ്ട് ഇരു ടവറുകളും തവിടുപൊടിയാകും. മുംബൈ ആസ്ഥാനമായുള്ള എഡിഫൈസ് എൻജിനീയറിങ്ങും അവരുടെ ദക്ഷിണാഫ്രിക്കന്‍ പങ്കാളിയായ ജെറ്റ് ഡെമോളിഷന്സുമാണു പൊളിക്കൽ കരാറെടുത്തിട്ടുള്ളത്.
900ലേറെ ഫ്ലാറ്റുകൾ
ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയുടെ സമീപം നോയ്ഡയിലെ സെക്റ്റർ 93 എയിലാണു പൊളിച്ചുനീക്കേണ്ട കെട്ടിടസമുച്ചയങ്ങൾ. രണ്ടു കെട്ടിടങ്ങളിലുമായി 900ലേറെ ഫ്ലാറ്റുകൾ. നോയ്ഡയിലെ സൂപ്പര്‍ടെക്കിന്റെ എമറാള്‍ഡ് കോര്‍ട്ട് പദ്ധതിയുടെ ഭാഗമാണ് ടവറുകൾ. രണ്ടും ചേർന്നാൽ 7.5 ലക്ഷം ചതുരശ്ര അടി വിസ്തൃതി. നിക്ഷേപകര്‍ക്കും ഫ്ളാറ്റ് വാങ്ങിയവര്‍ക്കും 12 ശതമാനം പലിശ സഹിതം പണം തിരികെ നല്കാന് സൂപ്പര്‍ടെക്കിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
വിനയായത് ചട്ടലംഘനം
കെട്ടിട നിർമാണത്തിൽ 2010ലെ യുപി അപ്പാര്‍ട്ട്മെന്റ് നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് ഒഫ് എമറാള്‍ഡ് കോര്‍ട്ട് ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റിയാണു കോടതിയെ സമീപിച്ചത്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരമുള്ള അകലം പാലിച്ചിരുന്നില്ല. വ്യക്തിഗത ഫ്ളാറ്റ് ഉടമകളുടെ സമ്മതവും വാങ്ങിയിരുന്നില്ല. ഇതേതുടര്‍ന്ന് ടവറുകള്‍ പൊളിക്കാന്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
3700 കിലോ സ്ഫോടകവസ്തുക്കൾ
വാട്ടർ ഇംപ്ലോഷൻ എന്ന സാങ്കേതികവിദ്യയാണു കെട്ടിടം പൊളിക്കാൻ ഉപയോഗിക്കുന്നത്. എക്സ്പ്ലോഷൻ അഥവാ സ്ഫോടനത്തിൽ അവശിഷ്ടങ്ങൾ പുറത്തേക്കാണു തെറിക്കുന്നതെങ്കിൽ ഇതിനു നേരെ വിപരീതമാണു വാട്ടർ ഇംപ്ലോഷൻ മാർഗം. അപെക്സ് ടവറിന് 11 പ്രധാന സ്ഫോടന നിലകളുണ്ട്. സിയാനിന് 10 പ്രധാന സ്ഫോടന നിലകൾ. സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാന്‍ ഒമ്പത് മുതല്‍ 10 വരെ സെക്കന്‍ഡ് വേണ്ടിവരുമെന്ന് എഡിഫൈസ് എൻജിനീയറിങ്ങിലെ സാങ്കേതിക വിദഗ്ധൻ ഉത്കര്‍ഷ് മേഹ്ത. കെട്ടിടം ഒറ്റയടിക്ക് വീഴില്ല. നാലോ അഞ്ചോ സെക്കൻഡുകൾകൊണ്ട് ക്രമമായി താഴേക്ക് പൊടിഞ്ഞ് “ഇരിക്കുക’യാകും സംഭവിക്കുക. പൊടിപടലങ്ങൾ 10 മിനിറ്റ് വരെ അന്തരീക്ഷത്തിലുണ്ടാകും. 20 കോടിയോളം രൂപയാണു പൊളിക്കാൻ ചെലവ്.
80000 ടൺ അവശിഷ്ടങ്ങള്‍
35,000 ഘനമീറ്റർ അവശിഷ്ടങ്ങളുണ്ടാകുമെന്നാണു കണക്കാക്കുന്നത്. പൊടിപടലങ്ങൾ കണ്ണ്, മൂക്ക്, വായ, ശ്വസനവ്യവസ്ഥ തുടങ്ങിയ അവയവങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വായു മലിനീകരണത്തിന്റെ ഫലങ്ങള്‍ ദിവസങ്ങളോളം നീണ്ടുനിന്നേക്കാം. സമീപത്തെ ആശുപത്രിയിൽ 50 കിടക്കകൾ അടിയന്തര സാഹചര്യം മുന്നിൽക്കണ്ട് നീക്കിവച്ചിട്ടുണ്ട്. ഭാരത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ 55000 മുതൽ 80000 വരെ ടൺ അവശിഷ്ടങ്ങളുണ്ടാകുമെന്നാണു കരുതുന്നത്.
പരിസരം ശൂന്യമാക്കും
എമറാള്‍ഡ് കോര്‍ട്ട്, എടിഎസ് വില്ലെജ് സൊസൈറ്റികള്‍ എന്നിവിടങ്ങളില്‍ നിന്ന് 5,000ലധികം താമസക്കാരോട് ഇന്നു രാവിലെ ഏഴരയ്ക്കുള്ളിൽ മാറാൻ നിർദേശിച്ചു. 2,500ലധികം വാഹനങ്ങളും നീക്കും. ഇരട്ട ഗോപുരത്തിന് സമീപമുള്ള പ്രദേശത്ത് ആളുകള്‍, വാഹനങ്ങള്‍, മൃഗങ്ങള്‍ എന്നിവയുടെ പ്രവേശനം നിയന്ത്രിക്കും. നോയ്ഡ-ഗ്രേറ്റര്‍ നോയ്ഡ എക്സ്പ്രസ് വേയില്‍ ഇന്ന് ഉച്ചയ്ക്ക് 2.15 മുതല്‍ 2.45 വരെ വാഹന ഗതാഗതം അനുവദിക്കില്ല. 10 തൊഴിലാളികള്‍ മാത്രമേ പൊളിക്കുന്ന സ്ഥലത്ത് ഉണ്ടായിരിക്കൂ.
അവശിഷ്ടങ്ങൾ ടൈലുകളായി മാറും
1,200 മുതല്‍ 1,300 വരെ ട്രക്ക് ലോഡ് അവശിഷ്ടങ്ങള്‍ സൈറ്റില്‍ നിന്ന് മാറ്റേണ്ടിവരും. ഇതിനു മാസങ്ങളെടുക്കും. കോൺക്രീറ്റ് അവശിഷ്ടങ്ങൾ പൊടിച്ച് ടൈൽ നിർമാണത്തിന് ഉപയോഗിക്കും. 4,000 ടണ്ണിലേറെ വരുന്ന സ്റ്റീൽ പുനരുപയോഗിക്കാനാകും.
