Connect with us

KERALA

ഗവർണര്‍  വിരട്ടാമെന്ന് കരുതേണ്ട മാടമ്പിത്തരം വേണ്ടെന്നും ഇത്  ജനം നോക്കിയിരിക്കില്ലെന്നും എം.വി.ഗോവിന്ദൻ

Published

on


തിരുവനന്തപുരം : ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സമചിത്തതയില്ലാതെയാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ ആരോപിച്ചു. സർക്കാരിനും കണ്ണൂർ സർവകലാശാലയ്ക്കുമെതിരെ തെറ്റായ പ്രചാരവേലയാണ് ഗവർണർ നടത്തുന്നത്. ഭരണഘടനാപരമായും നിയമപരമായും പ്രവർത്തിക്കാൻ ബാധ്യതയുള്ള ഗവർണര്‍ വസ്തുതകളെ പരിഗണിക്കുന്നില്ല. വിരട്ടാമെന്ന് കരുതേണ്ടെന്നും മാടമ്പിത്തരം വേണ്ടെന്നും ഇത്  ജനം നോക്കിയിരിക്കില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു

ബില്ലുകള്‍ ഒപ്പിടുമോയെന്ന് ആശങ്കയില്ല. ഇക്കാര്യത്തിൽ എല്ലാവഴിയും സര്‍ക്കാര്‍ ആലോചിക്കും
‘‘ഗവർണർ പദവിക്ക് അനുയോജ്യമല്ലാത്ത സമീപനമാണ് ആരിഫ് മുഹമ്മദ് ഖാന്റേത്. ഒരു ഗവർണർ എന്ന നിലയ്ക്കുണ്ടാകേണ്ട സമചിത്തത അദ്ദേഹത്തിനില്ല. വില കുറഞ്ഞ നിലപാടുകളാണു ഗവർണറുടേത്. ഗവർണറുടെ കയ്യിൽ എന്തു തെളിവുണ്ടെങ്കിലും, സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. നിയമസഭയെ മറികടന്ന് ഓർഡിനൻസുകൾ ഇറക്കുന്നു എന്നതായിരുന്നു ഇതുവരെ അദ്ദേഹത്തിന്റെ പ്രശ്നം. നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവച്ച് ഇടതു സർക്കാരിനെ ദുർബലപ്പെടുത്താമെന്നാണോ അദ്ദേഹം ധരിക്കുന്നത്? ഇത്തരം വെല്ലുവിളികളെയൊക്കെ നേരിട്ടാണു മുന്നോട്ടുപോയതെന്നു കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം അറിയാവുന്നവർക്ക് അറിയാമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. 

ബിജെപിയും ഗവർണറും ഒരേ ചിറകുള്ള പക്ഷികളാണെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ പിന്തുണയുമായെത്തിയതോടെ വ്യക്തമായി. അദ്ദേഹത്തെ തെറ്റായ വഴിയിലേക്കു നയിക്കുന്നത് ഇവരൊക്കെയാണ്. പ്രതീക്ഷിച്ചതു ലഭിക്കാത്തതിന്റെ മോഹഭംഗം ഗവർണർക്ക് ഉണ്ടാകാം. എന്നാൽ, ഗവർണർ നിയമപരമായും ഭരണഘടനാപരമായും പ്രവർത്തിക്കണം. ഇതു വെറുതേ അങ്ങു വന്ന സർക്കാരല്ല. ജനങ്ങൾ തിരഞ്ഞെടുത്തതാണ്. ബില്ലുകളുടെ കാര്യത്തിൽ സർക്കാരിന് ഒരു ആശങ്കയുമില്ല. ഒരു ദിവസം കൊണ്ട് ഒന്നും അവസാനിക്കില്ലല്ലോ. ബില്ലുകൾ നിയമസഭ പാസാക്കിയിട്ടുണ്ടെങ്കിൽ ഇന്നല്ലെങ്കിൽ നാളെ അതൊക്കെ നിയമമാകും. അല്ലാതെ എവിടെപ്പോകാനാണെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Continue Reading