KERALA
വിവാദപരാമര്‍ശം പിന്‍വലിച്ച് കെ. സുധാകരന്‍
തിരുവനന്തപുരം: തെക്ക്- വടക്ക് മേഖലയിലെ രാഷ്ട്രീയക്കാരെ പറ്റിയുള്ള വിവാദപരാമര്‍ശം പിന്‍വലിച്ച് കെ. സുധാകരന്‍. ആരേയും മോശക്കാരനാക്കാനും വേര്‍തിരിവ് സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നില്ല പരാമര്‍ശമെന്ന് സുധാകരന്‍ പറഞ്ഞു. മലബാറില്‍ ആളുകള്‍ പരസ്പരം പറയുന്ന കഥ ആവര്‍ത്തിച്ചതാണ്. ആരുടെയെങ്കിലും വികാരത്തേയോ മനസ്സിനേയോ വ്രണപ്പെടുത്താന്‍ ലക്ഷമിട്ടായിരുന്നില്ല പരാമര്‍ശമെന്നും അങ്ങനെയാര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അത് പിന്‍വലിക്കുന്നതായും സുധാകരന്‍ പറഞ്ഞു.
‘മലബാറും തിരുവിതാംകൂറും തമ്മില്‍ ഒരു വ്യത്യാസമുണ്ട്, അതിന്റെ പ്രതിഫലനമാണോ തന്റെ രാഷ്ട്രീയ രീതി എന്നായിരുന്നു അവരുടെ ചോദ്യം. ഇങ്ങനെയൊരു കഥ ചെറുപ്പത്തില്‍ കേട്ടിട്ടുണ്ട് എന്ന് ഞാന്‍ മറുപടി പറഞ്ഞു. അത്രയേ ഞാന്‍ പറഞ്ഞിട്ടുള്ളു’, സുധാകരന്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ വിമര്‍ശനത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ചീപ്പ് പോപ്പുലാരിറ്റിയും പൊളിറ്റിക്‌സും ഉപയോഗിച്ച് പാര്‍ട്ടി വളര്‍ത്താന്‍ ആരും ശ്രമിച്ചിട്ടില്ലെന്നും ഒരു വിഭാഗത്തെ അപമാനിച്ചും താഴ്ത്തിക്കെട്ടിയും രാഷ്ട്രീയം നടത്താന്‍ കേരളം പോലെ ഒരു സംസ്ഥാനത്ത് സാധിക്കില്ലെന്ന സാമാന്യബുദ്ധി തങ്ങള്‍ക്കുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.
