NATIONAL
ബംഗാൾ സർക്കാറിനെ അട്ടിമറിക്കാൻ സി.പി.എം – ബി.ജെ.പി നേതാക്കൾ ചർച്ച നടത്തിയത് വിവാദമാവുന്നു
കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ സി.പി.എം – ബി.ജെ.പി നേതാക്കൾ ചർച്ച നടത്തി. ദീപാവലി ദിനത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളടങ്ങുന്ന സംഘം സി.പി.എമ്മിന്റെ പ്രമുഖ നേതാവ് അശോക് ബട്ടാചര്യയുടെ വീട്ടിലെത്തിയാണ് ചര്‍ച്ച നടത്തിയത്. ഈ സംഭവം പശ്ചിമംഗാളില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. സംസ്ഥാനത്ത് സി.പി.എം ബി.ജെ.പി രഹസ്യ ധാരണയുണ്ടെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റ ഭാഗമായാണ് ചര്‍ച്ചയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചതോടെയാണ് പുതിയ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. എന്നാല്‍ നടന്നത് ചര്‍ച്ചയായിരുന്നില്ലെന്നും സൗഹൃദ സന്ദര്‍ശനമാണെന്നും അശോക് ഭട്ടാചാര്യ പ്രതികരിച്ചു.
ബി.ജെ.പി എംപി രാജു ബിസ്ത, സിലിഗുഡി എം.എല്‍.എ ശങ്കര്‍ ഘോഷ് എന്നിവരും മറ്റ് ബി.ജെ.പി നേതാക്കളുമാണ് ദീപാവലി ദിനത്തില്‍ അശോക് ഭട്ടാചാര്യയെ തിങ്കളാഴ്ച സിലിഗുഡിയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. പശ്ചിമ ബംഗാളില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാനത്ത് ശക്തി കാട്ടാനുള്ള ശ്രമം നടത്തുകയാണെന്നും ഇതിന്റെ ആദ്യപടിയാണ് കൂടിക്കാഴ്ചയെന്നുമാണ് തൃണമൂല്‍ ആരോപിക്കുന്നത്.
എന്നാല്‍ നടന്നത് ചര്‍ച്ചയല്ലെന്നും അശോക് ഭട്ടാചാര്യയുടെ ഭാര്യയുടെ ഒന്നാം ചരമവാര്‍ഷികത്തിന് ക്ഷണിച്ചതനുസരിച്ച് പോയതാണെന്നും രാജു ബിസ്ത പ്രതികരിച്ചു. തൃണമൂലിനെ തനിച്ച് തോല്‍പിക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയതിനാല്‍ സി.പി.എമ്മിനെ കൂടെ കൂട്ടാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് തൃണമൂല്‍ ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷും ആരോപിച്ചു.
