Crime
നിയമന കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു.
തിരുവനന്തപുരം കോപ്പറേഷൻ നിയമന കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു. കേസ് അന്വേഷണ പരിധിയിൽ വരില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കത്ത് പ്രകാരം നിയമനം നടന്നിട്ടില്ലെന്നും സർക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
മേയറുടെ കത്തിന്‍റെ ശരിപ്പകർപ്പ് കണ്ടെത്താനായില്ല, മേയർ കത്തെഴുതിയില്ലെന്നാണ് മൊഴി, കത്തിൽ ഒപ്പിട്ട ദിവസം മേയർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. കത്ത് കണ്ടെത്തി അതിലെ ഒപ്പ് ശരിയാണോയെന്ന് തെളിഞ്ഞാൽ മാത്രമേ അഴിമതി നിരോധനത്തിന്‍റെ പരിധിയിലേക്ക് അന്വേഷണം നിലനിൽക്കൂ. അതിന് വേണ്ടത് പൊലീസ് അന്വേഷണമാണെന്നും അതുകൊണ്ട് വിജിലൻസ് അന്വേഷണത്തിന്‍റെ പരിധിയിൽ ഈ വിഷയങ്ങൾ വരില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
പ്രഥമിക അന്വേഷണം നടത്തിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഇന്ന് റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറും. കത്തിൽ ഹൈക്കോടതിയിലുള്ള കേസിൽ വിജിലൻസ് ഈ നിലപാട് അറിയിക്കും. കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ ശ്രീകുമാർ നൽകിയ പരാതിയിലായിരുന്നു വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. എന്നാൽ മുൻ വർഷങ്ങളിലെ നിയമനങ്ങളിലെ ക്രമക്കേടുകളും ശ്രീകുമാർ പരാതിയിൽ ഉന്നയിച്ചെങ്കിലും അതിലും ഇതുവരെ അന്വേഷണമില്ല. മുൻവർഷങ്ങളെ നിയമനങ്ങൾ പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് വിജിലൻസ് വിശദീകരണം.
