KERALA
ഇനിയും വേട്ടയാടിയാൽ കടുത്ത തീരുമാനം എടുക്കേണ്ടി വരുമെന്ന് ഇ.പി ജയരാജൻ
തിരുവനന്തപുരം : തനിക്കെതിരെ ഉയർന്ന റിസോര്‍ട്ട് വിവാദത്തിലും, ഇതിൽ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിലും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.. സംസ്ഥാന സമിതിയില്‍ വികാരഭരിതനായാണ് ഇ.പി സംസാരിച്ചത്. വ്യക്തിഹത്യ നടത്തുന്ന രീതിയിൽ തനിക്കെതിരെ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിര്‍ദേശപ്രകാരമാണ്, സംസ്ഥാന സമിതിയില്‍ ഇ.പി.ജയരാജന്‍, സംസ്ഥാന സമിതി അംഗം പി.ജയരാജൻ ഉന്നയിച്ച ആരോപണത്തിന് മറുപടി നല്‍കിയത്. കണ്ണൂർ ആന്തൂരിലെ റിസോര്‍ട്ട് അനധികൃത സമ്പാദ്യമാണെന്ന ആരോപണത്തിന് മറുപടി പറയവേ ഇ.പി വികാരാധീനനായി. വ്യക്തിഹത്യ ചെയ്യാന്‍ ആസൂത്രിത ശ്രമമുണ്ടായെന്നും അദേഹം പറഞ്ഞു.
പാര്‍ട്ടി നേതൃത്വം ഫലപ്രദമായി ഇടപെട്ടില്ലെന്ന പരാതിയും ഇ.പി ഉന്നയിച്ചു. വേട്ടയാടല്‍ തുടര്‍ന്നാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പും നൽകി. ആക്രമണം തുടര്‍ന്നാല്‍ കടുത്ത തീരുമാനങ്ങളെടുക്കുമെന്ന നിലപാടിലാണ് അദ്ദേഹം.
തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമം പാർട്ടി അന്വേഷിക്കണമെന്ന് ഇ പി ജയരാജൻ സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടു. കണ്ണൂരിൽനിന്നുളള നേതാക്കൾ സംസ്ഥാന കമ്മിറ്റിയിൽ നടത്തിയ ആരോപണ പ്രത്യാരോപണങ്ങളിൽ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടു. പൊളിറ്റ്ബ്യൂറോയുടെ മാർഗനിർദേശ പ്രകാരം സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. ഇരുനേതാക്കളുടെയും നിലപാടും സെക്രട്ടേറിയറ്റിന്റെ അഭിപ്രായവും പരിശോധിച്ച് പിബി തുടർനടപടി ഇവിടെത്തന്നെയെടുക്കാൻ നിർദേശിക്കാനാണ് സാധ്യത.
ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയ്ക്കും മകൻ പി.കെ.ജയ്സനും പങ്കാളിത്തമുള്ള കണ്ണൂരിലെ ആയുർവേദ റിസോർട്ടിനു പിന്നിലെ ധനസമാഹരണവും വിനിയോഗവും സംബന്ധിച്ച ഗുരുതര ആരോപണങ്ങൾ ഡിസംബറിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ ഉന്നയിച്ചിരുന്നു. ആ യോഗത്തിൽ ഇപി പങ്കെടുത്തിരുന്നില്ല. സംസ്ഥാന കമ്മിറ്റിയിൽതന്നെ മറുപടി പറയാൻ കേന്ദ്രകമ്മിറ്റി അംഗമായ ഇപിയോടു സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചു.
വികാരവിക്ഷോഭത്തോടെ സംസാരിച്ച ഇപി ഇതു തന്നെ തേജോവധം ചെയ്യാനുള്ള ഒടുവിലത്തെ നീക്കമാണെന്ന് ആരോപിച്ചു. തന്നെമാത്രം ലക്ഷ്യമിട്ട് ആരോപണങ്ങളും വാർത്തകളും വരുന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ചികിത്സാർഥം അവധിയെടുത്തു വിശ്രമിക്കുന്ന അവസരത്തിൽ തന്റെ അസാന്നിധ്യത്തിൽ നടന്ന സംസ്ഥാന കമ്മിറ്റിയിൽ വ്യക്തിപരമായ ആരോപണം ഉയർന്നതു നിർഭാഗ്യകരമാണ്. കണ്ണൂരിലെ റിസോർട്ടിന്റെ കാര്യം രഹസ്യമല്ല. നേരത്തേയും ചിലർ ഇതു വിവാദമാക്കാൻ നോക്കി. കണ്ണൂർ ജില്ലാ കമ്മിറ്റി തള്ളിക്കളഞ്ഞ ആരോപണങ്ങളാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നത്. ഭാര്യയുടെ റിട്ടയർമെന്റ് ആനുകൂല്യവും മകൻ ഗൾഫിൽ ജോലി ചെയ്തു സമ്പാദിച്ച പണവുമാണ് റിസോർട്ടിൽ നിക്ഷേപിച്ചതെന്നും ഇപി ന്യായീകരിച്ചു. തനിക്ക് അനധികൃത സമ്പാദ്യമില്ലെന്നും പാർട്ടിക്ക് എന്തു പരിശോധനയും നടത്താമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയിൽ സന്നിഹിതനായിരുന്ന പി.ജയരാജൻ ഇതിനെ എതിർക്കാൻ മുതിർന്നില്ല.
