NATIONAL
ഡൽഹിയിൽ കനത്ത മഴ . യമുന നദിയിലെ ജലനിരപ്പ് കുത്തനെ ഉയർന്നു. വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ദുരുതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നു

“ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷമായി. പ്രധാന നഗരങ്ങളടക്കം നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വാഹനങ്ങളും കെട്ടിടങ്ങളും ഒഴുകിപ്പോയി. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ മുപ്പത്തിയേഴിലധികം പേരാണ് മരിച്ചത്.
ഡൽഹിയിലും കനത്ത മഴയാണ്. യമുന നദിയിലെ ജലനിരപ്പ് കുത്തനെ ഉയരുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ 205.33 മീറ്ററായ ജലനിരപ്പ് ഇന്ന് രാവിലെ 206.24 ആയി ഉയർന്നു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ജലനിരപ്പുയർന്നതെന്ന് അധികൃതർ അറിയിച്ചു. വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ദുരുതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഹിമാചൽ പ്രദേശിൽ സ്ഥിതി അതീവ ഗുരുതരമാണ്. മണ്ണിടിച്ചിലിൽ നാല് പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ ഇരുപതായി. കുളു, സോലൻ, ലഹോൾ, കിന്നൗർ, ഷിംല, ബിലാസ്പൂർ, സിർമൗർ, ഷിംല ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബിയാസ് നദിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് മാണ്ഡി ജില്ലയിൽ കനത്ത നാശനഷ്ടമുണ്ടായി.പത്ത് മലയാളികൾ കൂടി ഹിമാചലിൽ കുടുങ്ങിയതായി റിപ്പോർട്ടുകളുണ്ട്.അതേസമയം, മണാലിയിൽ കുടുങ്ങിയ എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ 27ഹൗസ് സർജന്മാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. 10 വനിതകളും 17 പുരുഷന്മാരുമടങ്ങിയ സംഘം ഹദിംബ ക്ഷേത്രത്തിന് സമീപത്തെ നസോഗി വുഡ്‌സ്, എച്ച്.പിഡബ്ല്യു.ഡി ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് താമസിക്കുന്നത്”