Entertainment
രഞ്ജിത്തിനെ സ്ഥാനത്തു നിന്നും മാറ്റിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് വിനയൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കടുക്കുകയാണ്. അക്കാദമി ചെയർമാനായ രഞ്ജിത്തിനെ സ്ഥാനത്തു നിന്നും മാറ്റണമെന്ന നിലപാട് കടുപ്പിക്കുകയാണ് സംവിധായകൻ വിനയൻ. സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അല്ലാത്ത പക്ഷം കോടതിയെ സമീപിക്കാനുമാണ് നീക്കം.
അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന ജൂറി അംഗം നേമം പുഷ്പരാജിന്‍റെ ഓഡിയോ സന്ദേശം വിനയൻ ഇന്നലെ പുറത്തുവിട്ടിരുന്നു. ഈ ശബ്ദ രേഖയടക്കം കോടതിയിൽ ഹാജരാക്കാനാണ് ആലോചന.
2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിലെ അന്തിമ ജൂറി അംഗവും, പ്രാഥമിക ജൂറി ചെയർമാനുമായ നേമം പുഴ്പരാജിന്‍റെ ഓഡിയോ സന്ദേശമാണ് വിനയൻ പുറത്തുവിട്ടത്. 19-ാം നൂറ്റാണ്ടിനെ ജൂറി അംഗങ്ങൾ ബാഹ്യസമ്മർദത്താൽ എതിർത്തെന്നാണ് ഓഡിയോ സന്ദേശത്തിൽ നേമം പുഷ്പരാജ് പറയുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്ത് യോഗ്യനല്ലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്‌ജിത്തിന്‍റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന ആരോപണം ശക്തമായതിനു പിന്നാലെയാണ് ജൂറി അംഗത്തിന്‍റെ ഓഡിയോയും പുറത്തു വിടുള്ള വിനയന്‍റെ നീക്കം. പല അവാർഡുകൾക്കും 19-ാം നൂറ്റാണ്ടിനെ പരിഗണിച്ചെങ്കിലും ചിത്രത്തെ ഒഴിവാക്കാൻ രഞ്ജിത്ത് ശ്രമിച്ചെന്നാണ് ആരോപണം. തല്ലിപ്പൊളിചിത്രമാണെന്ന് ആരോപിച്ചു, ജൂറി അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചു, അവസാനം മൂന്ന് അവാർഡ് ചിത്രത്തിന് കിട്ടിയപ്പോഴും അവാർഡ് നിർണയം തിരുത്താനും രഞ്ജിത്ത് ഇടപെട്ടെന്നാണ് വിനയൻ ആരോപിക്കുന്നത്.
വിവാദങ്ങൾ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായെങ്കിലും ഇതുവരെയും ചലച്ചിത്ര അക്കാദമിയോ, രഞ്ജിത്തോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. വിവാദമുയരുമ്പോഴെല്ലാം അവാർഡ് നിർണയം പൂർണമായും ജൂറി തീരുമാനമാണ് എന്ന വാദമാണ് സർക്കാർ ഉന്നയിക്കുന്നത്.”