Crime
മിത്താണെന്ന പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് എം.വി ഗോവിന്ദൻ താനോ ഷംസീറോ ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല
തിരുവനന്തപുരം: ഗണപതി മിത്താണെന്ന പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് സിപിഎം. താനോ ഷംസീറോ ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ദല്‍ഹിയില്‍ പറഞ്ഞു. ഗണപതിയും അള്ളാഹുവും എല്ലാം വിശ്വാസത്തിന്റെ ഭാഗമാണ്. ‘പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം’ എന്നതാണു മിത്തായി പറഞ്ഞത്.
അല്ലാഹു വിശ്വാസികളുടെ വിശ്വാസപ്രമാണത്തിന്റെ ഭാഗമാണ്. ഗണപതിയും അതുതന്നെയാണ്. പിന്നെന്തിനാണു ഞങ്ങളതു മിത്താണെന്നു പറയുന്നത്. മറിച്ചു നടക്കുന്നതെല്ലാം കള്ളപ്രചാരണമാണെന്നും ഗോവിന്ദന്‍. 50 മിനിറ്റോളം നീണ്ട തന്റെ വാര്‍ത്തസമ്മേളത്തിലെ വാക്കുകള്‍ മുറിച്ചു കാട്ടിയാണ് വ്യാജപ്രചാരണം നടക്കുന്നതെന്നും ഗോവിന്ദന്‍. എന്‍എസ്എസ് നാമജപഘോഷയാത്രയില്‍ കേസെടുത്തത് നിയമപ്രകാരമാണെന്നും ഗോവിന്ദൻ പറഞ്ഞു
പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ഒരേ അഭിപ്രായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സതീശന്റെ ഉള്ളിലെ വർഗീയ നിലപാടുകൾ അറിഞ്ഞോ അറിയാതെയോ പുറത്തുവരുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു
‘സിപിഎം ആണ് വർഗീയതയ്ക്ക് കൂട്ടുനിൽക്കുന്നത് എന്ന അസംബന്ധം കുറച്ചുകാലമായി വി ഡി സതീശൻ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വാതിലുകളെല്ലാം തുറക്കപ്പെടട്ടെ വിചാരധാരകൾ പ്രവേശിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞതിനെ പറ്റി ഞാൻ പറഞ്ഞപ്പോൾ വർഗീയമായ നിലപാടാണ് ഞങ്ങൾ സ്വീകരിക്കുന്നതെന്ന് പറഞ്ഞ് അവർ തടിതപ്പി. വി ഡി സതീശന്റെ ഉള്ളിൽ വിചാരധാരയുമായി ബന്ധപ്പെട്ട് വർഗീയത കടന്നുകൂടിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ പരാമർശങ്ങളിൽ നിന്ന് മനസിലാകുന്നത്. ഹിന്ദു വർഗീയവാദം അതിശക്തിയായി ഉയർത്തുന്നതിന് വേണ്ടിയുള്ള നിലപാടാണ് കെ സുരേന്ദ്രൻ ഉയർത്തുന്നത്. അദ്ദേഹത്തിന്റെ പരാമർശം വർഗീയമാണെന്നതിന് യാതൊരു പ്രത്യേകതയുമില്ല. കാരണം അവരെല്ലാം രാഷ്ട്രീയത്തിൽ വർഗീയ നിലപാട് ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നവരാണ്. അത് ചൂണ്ടിക്കാണിക്കുമ്പോൾ മറ്റെന്തെങ്കിലും കാര്യം പറഞ്ഞ് അതിനെ മറികടക്കാനാണ് സുരേന്ദ്രൻ ശ്രമിക്കുന്നത്. തികഞ്ഞ വർഗീയ സമീപനമാണ് അദ്ദേഹത്തിന്റെ ഓരോ വാക്കിലും നിറഞ്ഞ് നിൽക്കുന്നത്.’- എം വി ഗോവിന്ദൻ കുറ്റുപ്പെടുത്തി.
