KERALA
പുതുപ്പള്ളിയിലെ രാഷ്ട്രീയം മാറി മണ്ഡലത്തിൽ എൽ.ഡി.എഫ്. ജയിക്കും
പുതുപ്പള്ളി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലെ രാഷ്ട്രീയം മാറിയെന്നും മണ്ഡലത്തിൽ എൽ.ഡി.എഫ്. ജയിക്കുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈസി വാക്കോവറായി പുതുപ്പള്ളി ജയിക്കാനാകുമെന്നായിരുന്നു യു.ഡി.എഫിന്റെ ആദ്യത്തെ പ്രതികരണം. സ്ഥാനാർഥിയെ തന്നെ നിർത്തേണ്ടതായിട്ടുണ്ടോ എന്നും സ്ഥാനാർഥി ആരായിരിക്കും എന്നും മുൻകൂട്ടി, കോൺഗ്രസ് നേതാക്കൾ പരസ്യമായി പറയുന്ന നില ഉണ്ടായി. അന്ന് പുതുപ്പള്ളിയിൽ വൈകാരികമായ തലം രൂപപ്പെട്ടു വരുന്നു എന്ന് കണ്ടാണ് കോൺഗ്രസ് നേതൃത്വം ഈ നിലപാട് സ്വീകരിച്ചത്. എന്നാൽ പുതുപ്പള്ളിയിൽ രാഷ്ട്രീയ നിലപാടുകൾ വെച്ച് മത്സരിക്കുമെന്നായിരുന്നു ആദ്യം തന്നെ ഇടതുമുന്നണി എടുത്ത നിലപാട്. രാഷ്ട്രീയവും വികസനവും ഫലപ്രമായി പുതുപ്പള്ളിയിൽ ചർച്ച ചെയ്തു. ഞങ്ങൾ ഈ മണ്ഡലം ജയിക്കും. അതിനാവശ്യമായ വോട്ടുകൾ ജനങ്ങൾ ഇടതുമുന്നണിക്ക് നൽകും.53 വർഷക്കാലത്തിന്റെ ചരിത്രമുള്ള മണ്ഡലത്തിൽ കോൺഗ്രസിന്റെ വിജയം അവസാനിപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല സർവെകളും വന്നു കൊണ്ടിരിക്കുകയാണെന്നും അതൊക്കെ കള്ളപ്രചാര വേലയെന്നും പറഞ്ഞ എം.വി. ഗോവിന്ദൻ പുതുപ്പള്ളിയിലെ വോട്ടർമാരെ ഫലപ്രദമായി പരിശോധിച്ച് നേരിട്ട് വോട്ടർമാരെ കണ്ട് പ്രചാരണം നടത്തുകയാണെന്നും കൂട്ടിച്ചേർത്തു. നൂറുപേരെ കണ്ട് ചോദിച്ചാൽ പുതുപ്പള്ളിയിലെ വികാരം പൊതുവികാരം മനസ്സിലാക്കാൻ സാധിക്കുമോ എന്നും ഗോവിന്ദൻ ചോദിച്ചു.
