KERALA
മാനന്തവാടി ടൗണിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാൻ നീക്കം. നഗരത്തിൽ നിരോധനാജ്ഞ

മാനന്തവാടി : മാനന്തവാടി ടൗണിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാൻ നീക്കം തുടങ്ങി. കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടുമെന്ന് ജില്ലാ കലക്ടർ രേണു രാജ് അറിയിച്ചു. പിടികൂടിയ ശേഷം കർണാടകയിലേക്കു കൊണ്ടുപോകാനുള്ള സാധ്യത പരിശോധിക്കും. കർണാടക വനം വകുപ്പിന്റെ സഹായം തേടുമെന്നും കലക്ടർ അറിയിച്ചു. വെടിവെക്കാനുള്ള ഉത്തരവ് ഇറങ്ങി കഴിഞ്ഞു. ഇതിനിടെ മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ആന ടൗണിനോടു ചേർന്ന വയലിലാണ് ഇപ്പോൾ നിലയുറപ്പിച്ചിട്ടുള്ളത്.. കോളജ്, സ്കൂൾ, ബസ് സ്റ്റാൻഡ്, മെഡിക്കൽ കോളജ്, ആദിവാസി കോളനി എന്നിവയുടെ സമീപത്തായാണ് ആന നിലയുറപ്പിച്ചിരുന്നത്. ഇവിടെവച്ച് വെടിവയ്ക്കുന്നത് ബുദ്ധിമുട്ടാണ്. വെടിയേറ്റാൽ ആന ഓടാനുള്ള സാധ്യതയുണ്ട്. ആന ഓടിയാൽ എവിടേക്കായിരിക്കും ചെന്നുകയറുക എന്ന് പറയാൻ സാധിക്കില്ല. അത് വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് ആശങ്ക.
ചതുപ്പ് നിലത്ത് ഏറെ നേരം നിന്നശേഷം ആന വീണ്ടും സഞ്ചാരം തുടങ്ങി. ആനയെ നിയന്ത്രിക്കാൻ കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. ആന മാനന്തവാടിയിൽ എത്തിയിട്ട് ഏഴു മണിക്കൂറോളമായി. നോർത്തേൺ സിസിഎഫ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ആനയിറങ്ങിയതോടെ മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.