Connect with us

KERALA

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് രാഹുൽ ഗാന്ധി

Published

on

മാനന്തവാടി: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് രാഹുൽ ഗാന്ധി എം.പി. വനംവകുപ്പ് താത്കാലിക വാച്ചർ പാക്കം സ്വദേശി വി പി പോളിന്റെയും പടമല സ്വദേശി അജീഷിന്റെയും വീടുകൾ സന്ദർശിച്ചു. ഇരു കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ഇന്ന് രാവിലെയാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്. കാട്ടാന ബേലൂർ മഗ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് അദ്ദേഹം ആദ്യം പോയത്. തുടർന്നാണ് പോളിന്റെ വീട്ടിലെത്തിയത്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

ഈ മാസം പത്തിന് രാവിലെ 7.30ന് ആണ് കർഷകനും ഡ്രൈവറുമായ അജീഷിനെ കാട്ടാന ചവിട്ടിക്കൊന്നത്. ആനയെ കണ്ട അജീഷ് അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ എത്തി ചവിട്ടിക്കൊല്ലുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബേലൂർ മാഗ്നയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.

കഴിഞ്ഞദിവസമാണ് പോൾ കൊല്ലപ്പെട്ടത്. കുറുവാദ്വീപിന് സമീപത്തുവച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. ജില്ലയിൽ പതിനേഴ് ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ പോളിന്റെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചിരുന്നു

Continue Reading