NATIONAL
ബുറെ വി കന്യാകുമാരിയോടടുക്കുന്നു
കേരളം കനത്ത ജാഗ്രതയിൽ
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തെക്കൻ കേരളം- തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ്- റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടു. കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 11 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 9.0° N അക്ഷാംശത്തിലും 80.3 °E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് കന്യാകുമാരിയിൽ നിന്ന് ഏകദേശം 320 കിമീ ദൂരത്തിലുമാണ്.
ചുഴലിക്കാറ്റ് ഡിസംബർ മൂന്നിന് ഉച്ചയോടുകൂടിയോ ഡിസംബർ നാലിന് പുലർച്ചയോടു കൂടിയോ പാമ്പൻ തീരത്തെത്തുമ്പോൾ ചുഴലിക്കുള്ളിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 70 മുതൽ 80 കിമീ വരെയും ചില അവസരങ്ങളിൽ 90 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ 3 ന് അർദ്ധരാത്രിയോടുകൂടി തമിഴ്നാട് തീരത്തെത്തുമെന്നും പ്രതീക്ഷിക്കുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി (Deep Depression) ഡിസംബർ നാലിന് കേരളത്തിൽ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാൽ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്തുനിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. നിലവിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്.
ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ അനുവദിക്കുന്നതല്ല.
ഡിസംബർ മൂന്നു മുതൽ ഡിസംബർ നാലു വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിക്കുന്നു.
