Connect with us

KERALA

പോലീസ് ഉന്നതൻമാർ തമ്മിൽ കനത്ത പോര് : അജിത്കുമാറിന്റെ മൊഴി കള്ളമെന്ന് പി വിജയൻ, നടപടി ആവശ്യപ്പെട്ട് പരാതി

Published

on

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ ഇന്‍റലിജന്‍സ് വിഭാഗം മേധാവി പി. വിജയന്റെ പരാതി. തനിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് മുന്നിൽ അജിത് കുമാർ നൽകിയ മൊഴി കള്ളമാണെന്ന് വിജയൻ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇക്കാര്യത്തിൽ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിജിപിക്ക് ലഭിച്ച പരാതി തുടർനടപടികൾക്കായി സർക്കാറിന് കൈമാറി.

പി.വി. അൻവർ എംഎൽഎ അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ ഡിജിപി എസ്. ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതിയെ നിയോ​ഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് അജിത് കുമാർ പി. വിജയനെതിരേ മൊഴി നൽകിയത്. പി. വിജയന് കരിപ്പൂരിലെ സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു എഡിജിപിയുടെ മൊഴി. എന്നാൽ, സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചു.

എം.ആര്‍. അജിത് കുമാറിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പി. വിജയനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. കോഴിക്കോട്ട് ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കാരണത്താലായിരുന്നു സസ്പെന്‍ഷന്‍. പിന്നീടുള്ള അന്വേഷണത്തിൽ ഉന്നത ഉദ്യോ​ഗസ്ഥർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് തള്ളിയതോടെയാണ് അദ്ദേഹം സർവീസിൽ തിരിച്ചെത്തുന്നത്.

Continue Reading