KERALA
സി പി എമ്മിനെതിരെ രൂക്ഷവിമർശനവുമായി സുപ്രഭാതം.

തിരുവനന്തപുരം: സി പി എമ്മിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. സംഘപരിവാറിന് സി പി എം മണ്ണൊരുക്കുന്നുവോ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് വിമർശനം. ‘ചുവന്ന കൊടിയിൽ തൊഴിലാളി കർഷകവർഗ അടയാളങ്ങൾ ഇന്നും കൊണ്ടുനടക്കുന്നുണ്ടെങ്കിലും ഒരുപാട് കാലമായി സി പി എം അദ്ധ്വാനിക്കുന്ന വർഗത്തിനുവേണ്ടി കാര്യമായൊന്നും സംസാരിക്കുന്നില്ല’ എന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്.
1980കളുടെ പകുതിയോടെയാണ് വർഗീയ രാഷ്ട്രീയത്തിന്റെ സാദ്ധ്യതകളിലേക്ക് സി പി എം ചുവടുമാറ്റിത്തുടങ്ങിയതെന്ന് മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. സി പി എം നേതാക്കൾ ഹിന്ദുത്വ അനുകൂല നിലപാടെടുക്കുകയാണെന്നും വിമർശിക്കുന്നു.
ഇസ്ലാമോഫോബിയ വളർത്തിക്കൊണ്ട് സി പി എം നേതാക്കൾ നടത്തുന്ന പ്രസ്താവനകളും സർക്കാരിന്റെ പ്രവർത്തനങ്ങളും സൃഷ്ടിച്ചെടുക്കുന്ന പുതിയ ഹിന്ദുത്വ വർഗീയ വോട്ടുകൾ ബി ജെ പിയിലേക്ക് പോകുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. വിജയരാഘവന്മാരെ തിരുത്താൻ പാർട്ടി തയാറാവാത്തിടത്തോളം ചവിട്ടിനിൽക്കുന്ന മണ്ണ് ഒലിച്ചുപോകുന്നത് സംഘ പരിവാറിന്റെ കേന്ദ്രത്തിലായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്.