Education
കെ. അയ്യപ്പന് കസ്റ്റംസ് വീണ്ടും നോട്ടീസ്. അയ്യപ്പന്റെ വീട്ടുവിലാസത്തിലാണ് ഇത്തവണ നോട്ടീസ് അയച്ചിരിക്കുന്നത്
കൊച്ചി: സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു. അയ്യപ്പന്റെ വീട്ടുവിലാസത്തിലാണ് ഇത്തവണ നോട്ടീസ് അയച്ചിരിക്കുന്നത്. അടുത്തദിവസം തന്നെ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദേശം.
ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇത് മൂന്നാംതവണയാണ് അയ്യപ്പന് കസ്റ്റംസ് നോട്ടീസ് നൽകുന്നത്. നേരത്തെ ഇദ്ദേഹത്തിന്റെ ഓഫീസ് വിലാസത്തിലാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയായ അയ്യപ്പന് നിയമപരിരക്ഷയുണ്ടെന്നും ചോദ്യംചെയ്യാൻ സ്പീക്കറുടെ അനുമതി വേണമെന്നും നിയമസഭ സെക്രട്ടറി കസ്റ്റംസിന് കത്തുനൽകി. ഇതോടെയാണ് അയ്യപ്പന്റെ വീട്ടുവിലാസത്തിൽ പുതിയ നോട്ടീസ് നൽകിയത്.
അസി. പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യംചെയ്യാൻ സ്പീക്കറുടെ മുൻകൂർ അനുമതി വേണ്ടെന്നാണ് കസ്റ്റംസിന്റെ നിലപാട്. കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയതെന്നും സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫിന് ചട്ടം 165 ബാധകമല്ലെന്നും കസ്റ്റംസ് പറയുന്നു. പക്ഷേ, ഓഫീസ് വിലാസത്തിൽ നോട്ടീസ് നൽകിയിട്ടും മുൻകൂർ അനുമതി വേണമെന്നായിരുന്നു നിയമസഭ സെക്രട്ടറി കസ്റ്റംസിന് നൽകിയ കത്തിൽ പറഞ്ഞിരുന്നത്.
