Crime
തളിപ്പറമ്പിൽ കോൺഗ്രസ് നേതാവിൻ്റെ വീടിനും വാഹനങ്ങൾക്കും നേരെ അക്രമം
കണ്ണൂർ :കണ്ണൂരിലെ മലപ്പട്ടത്ത് സി.പി.എം- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉടലെടുത്ത സംഘർഷം പടരുന്നു, ഇന്നലെ രാത്രി കോൺഗ്രസ് തളിപറമ്പ് മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.ഇർഷാദിൻ്റെ തളിപറമ്പിലെ വീടിന് നേരെയാണ് അക്രമം നടന്നിയത്. രാത്രി വൈകി സംഘടിച്ചെത്തിയ അക്രമി സംഘം വീടിന് നേരെ കല്ലും വടിയും എറിയുകയായിരുന്നു.. വീടിൻ്റെ ജനാലകളും മറ്റും തകർത്ത സംഘം വീട്ട് മുറ്റത്ത് നിർത്തിയിട്ട കാറും സ്കൂട്ടറും തകർത്തു കാറിൻ്റെ മുൻവശത്തെയും പിൻഭാഗത്തെയും ചില്ലുകൾ തകർന്ന നിലയിലാണ്. ഇർഷാദിൻ്റെ പിതാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്. ‘സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ മാർട്ടിൻ ജോർജ് ആരോപിച്ചു.
പിണറായി സർക്കാറിൻ്റെ അഴിമതി ഭരണത്തിനെതിരെ കണ്ണൂർ ഡിസിസി നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പിണറായിയുടെ ഫോട്ടോയുള്ള ഫ്ളക്സ് ബോർഡ് തകർത്ത സംഭവത്തിൽ ഇർഷദുണ്ടെന്ന് സി.പി എം ആരോപിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഇർഷാദിൻ്റെ വീട്ടിന് നേരെ അക്രമം നടന്നത്.
പിണറായി ഫ്ലക്സ് തകർത്തതിൻ്റെ പേരിൽ സി പി എം ജില്ലയിൽ വ്യാപക അക്രമത്തിന് കോപ്പ് കൂട്ടുന്നതായി കോൺഗ്രസ് ആരോപിച്ചു.
മലപ്പട്ടം അടുവാപ്പുറം ഗാന്ധി സ്തൂപവും മുൻ ആർമി ഉദ്യോഗസ്ഥനും യൂത്ത് കോൺഗ്രസ് നേതാവുമായിരുന്ന പി.ആർ സനീഷി ന്റെ വീടും വീട്ടു പറമ്പിൽ നിർമ്മിച്ച ഗാന്ധി സ്തൂപവും ആക്രമിച്ചതോടെയാണ് തളിപ്പറമ്പ് മേഖലയിൽ സംഘർഷം ഉടലെടുത്തത്.
തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ സംരക്ഷണ അതിജീവന പദയാത്ര തടയാനും ശ്രമം നടന്നിരുന്നു. ഇതിൻ്റെ തുടർച്ച തന്നെയാണ് ഇർഷാദിൻ്റെ വീടിന് നേരെ നടന്ന അക്രമമെന്ന് കരുതുന്നു.
മലപ്പട്ടത്ത് തുടങ്ങി പാനൂരിലും , തളിപ്പറമ്പിലും, ശ്രീകണ്ഠപുറത്തും സി പി എം വ്യാപകമായി അക്രമങ്ങൾ അഴിച്ചു വിടുകയാണ് എന്നും പോലീസ് അക്രമകാരികളെ നിലയ്ക്ക് നിർത്താത്ത പക്ഷം ജനകീയ പ്രതിരോധം തീർത്ത് തിരിച്ചടിക്കുമെന്നും കോൺഗ്രസ് ജില്ലാ നേതൃത്വം മുന്നറിയിപ്പ് നൽകി.
