Connect with us

Education

കീം വിധിയ്‌ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ നല്‍കിയേക്കില്ല.

Published

on

കീം വിധിയ്‌ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ നല്‍കിയേക്കില്ല.

ന്യൂഡല്‍ഹി: എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള കീം റാങ്ക് പട്ടിക പുതുക്കണമെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കിയേക്കില്ല. അതേസമയം സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ഇന്ന് കോടതിയില്‍ ഹാജരാകും. ഹൈക്കോടതി വിധി നടപ്പാക്കുമ്പോള്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകുന്ന നഷ്ടം അദ്ദേഹം കോടതിയെ അറിയിക്കുമെന്നാണ് വിവരം.

ഹൈക്കോടതി വിധിയ്‌ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നുണ്ടോ എന്നറിയിക്കാന്‍ കേരളത്തിനോട് സുപ്രീം കോടതി ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. അപ്പീല്‍ നല്‍കിയാലും ഈ വര്‍ഷത്തെ പ്രവേശനത്തില്‍ കോടതി ഇടപെടലിന് സാധ്യത കുറവാണ് എന്ന വിലയിരുത്തലാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളത്. ഈ സാഹചര്യത്തിലാണ് അപ്പീല്‍ ഉടന്‍ നല്‍കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിയത്.

എന്നാൽ ഹൈക്കോടതി വിധിമൂലം കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകുന്ന നഷ്ടം കേരളം കോടതിയെ അറിയിക്കും. പ്രാഥമികമായി ഈ വാദം കോടതി അംഗീകരിച്ചാല്‍ സംസ്ഥാനം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്‍ജിനീയറിങ് പ്രവേശന നടപടികള്‍ ഓഗസ്റ്റ് 14-ന് ഉള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കേസിലെ വാദം കേള്‍ക്കല്‍ നീണ്ടുപോയാല്‍ പ്രവേശന നടപടികള്‍ അവതാളത്തിലാകും. അത് കൂടി കണക്കിലെടുത്ത് കൊണ്ടാണ് അപ്പീല്‍ ഉടന്‍ വേണ്ടെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍ എത്തിയത്. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദുകര്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്

Continue Reading