Connect with us

KERALA

വിഎസിന് അന്തിമോപചാരം അർപ്പിക്കാൻ വേലിക്കകത്ത് വീട്ടിലെത്തി പിണറായി

Published

on

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കാൻ തിരുവനന്തപുരം ലോ കോളേജ് ജംഗ്‌ഷനിലെ വേലിക്കകത്ത് വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി വി ശിവൻകുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമടക്കം സന്നിഹിതനായിരുന്നു. തുടർന്ന് മുഖ്യമന്ത്രി ദ‌ർബാർ ഹാളിലെത്തി. ഇന്നലെ എകെജി പഠനഗവേഷണ കേന്ദ്രത്തിൽ നടന്ന പൊതുദർശനത്തിലും മുഖ്യമന്ത്രി എത്തിയിരുന്നു. ഇന്നലെ എസ്‌യുടി ആശുപത്രിയിലെത്തിയും മുഖ്യമന്ത്രി വിഎസിനെ സന്ദർശിച്ചിരുന്നു.

വീട്ടിലെ പൊതുദർശനത്തിനുശേഷം വിഎസിന്റെ ഭൗതികദേഹം സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിലേയ്ക്ക് കൊണ്ടുപോവുകയാണ്. ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് ഉച്ചയ്ക്ക് രണ്ടിന് മൃതദേഹം വിലാപയാത്രയായി ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ അന്തിമ ഉപചാരമർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ 27 കേന്ദ്രങ്ങളിലൂടെ വിലാപയാത്ര കടന്നുപോകും. പാളയം, പി.എം.ജി, പ്ലാമൂട്,പട്ടം, കേശവദാസപുരം, ഉള്ളൂർ,പോങ്ങുമൂട്, ശ്രീകാര്യം, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം,ആറ്റിങ്ങൽ ബസ് സ്റ്റാന്റ് ,കച്ചേരിനട,ആലംകോട്,കടുവയിൽ, കല്ലമ്പലം, നാവായിക്കുളം, 28–ാം മൈൽ, കടമ്പാട്ടുകോണം എന്നിങ്ങനെയാണ് കേന്ദ്രങ്ങൾ. കൊല്ലം ജില്ലയിലും വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനം ഉണ്ടാകും.

Continue Reading