Connect with us

NATIONAL

അധികാരം പങ്കിടാന്‍ ചിലര്‍ ഒരുക്കമല്ല’, സിദ്ധരാമയ്യയെ പരോക്ഷമായ് വിമര്‍ശിച്ച് ഡി.കെ ശിവകുമാർ

Published

on

ന്യൂഡൽഹി: മുഖ്യമന്ത്രി പദവിയെച്ചൊല്ലി നീരസത്തിലുള്ള കർണാടക കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ സിദ്ധരാമയ്യക്കെതിരെ ഒളിയമ്പുമായി രം​ഗത്ത്. ​ഗാന്ധികുടുംബത്തെ പ്രശംസിക്കുന്ന പരാമർശങ്ങൾക്കൊപ്പമായിരുന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയുള്ള ഡി.കെയുടെ വിമർശനം. ഡൽഹിയിൽ എ.ഐ.സി.സി സംഘടിപ്പിച്ച ‘ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിലെ തന്റെ നീണ്ട കാലത്തെ പ്രവർത്തനങ്ങളെക്കുറിച്ചും കർണാടകയിൽ പാർട്ടിയെ അധികാരത്തിലെത്തിക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും ശിവകുമാർ എടുത്തുപറഞ്ഞു. 2004-ൽ പ്രധാനമന്ത്രി പദത്തിൽ നിന്ന് മാറിനിൽക്കാനുള്ള സോണിയ ഗാന്ധിയുടെ തീരുമാനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.

“പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ രാഷ്ട്രപതി സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടപ്പോൾ, ‘എനിക്ക് അധികാരം പ്രധാനമല്ല’ എന്ന് അവർ പറഞ്ഞു.സിഖുകാരനും ന്യൂനപക്ഷ സമുദായംഗവും സാമ്പത്തിക വിദ​ഗ്ധനുമായ ഒരാൾക്ക് രാജ്യത്തെ രക്ഷിക്കാനാകുമെന്നും അദ്ദേഹം പ്രധാനമന്ത്രിയാകണമെന്നും അവർ തീരുമാനിച്ചു,” ശിവകുമാർ പറഞ്ഞു. ഇത് രാഷ്ട്രീയ ത്യാഗത്തിന്റെ സമാനതകളില്ലാത്ത ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇത്രയും വലിയൊരു ജനാധിപത്യ രാജ്യത്ത് ആരെങ്കിലും ഇത്തരമൊരു ത്യാഗം ചെയ്തിട്ടുണ്ടോ? ഇന്ന് ആരെങ്കിലും ഒരു ചെറിയ പദവി പോലും ത്യജിക്കാൻ തയ്യാറാകുന്നുണ്ടോ? പഞ്ചായത്ത് തലത്തിൽ പോലും പലരും അതിന് തയ്യാറാകുന്നില്ല. ചില എംഎൽഎമാരും മന്ത്രിമാരും അധികാരം പങ്കുവെക്കാറുണ്ട്, എന്നാൽ നമ്മളിൽ ചിലർ അധികാരം പങ്കുവെക്കാൻ പോലും സമ്മതിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.

ശിവകുമാർ ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും, അദ്ദേഹവും സിദ്ധരാമയ്യയും തമ്മിൽ അധികാരം പങ്കുവെക്കുന്നതിനെക്കുറിച്ചുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യമായതിനാൽ അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ സിദ്ധരാമയ്യക്കെതിരെയാണെന്നാണ് പ്രചരണം. കർണാടക മുഖ്യമന്ത്രിയായി അഞ്ച് വർഷം പൂർത്തിയാക്കുമെന്നും അധികാരം പങ്കിടാനുള്ള കരാറുകളൊന്നും ഇല്ലെന്നും അടുത്തിടെ സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.

Continue Reading