Connect with us

Crime

വ്യാജ തിരിച്ചറിയിൽ രേഖ കേസിൽ പിടിമുറുക്കി ക്രൈംബ്രാഞ്ച്; രാഹുലുമായി ബന്ധമുള്ളവരുടെ വീടുകളിൽ റെയ്ഡ്

Published

on

പത്തനംതിട്ട : യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ‌ രേഖ കേസിൽ പരിശോന വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്. അടൂരിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടവരുടെ വീടുകളിലാണ് പരിശോധന നടക്കുകയാണ്. ലൈംഗിക ആരോപണ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് മൊഴി രേഖപ്പെടുത്തല്‍ നടപടികളിലേക്ക് കടന്നേക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത റെയ്ഡ്. രാഹുൽ അടൂരിലെ സ്വന്തം വീട്ടിൽ തുടരുകയാണ്. 

കേസിൽ ശനിയാഴ്ച ഹാജരാകാൻ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചിട്ടുണ്ട്. പ്രതികളുടെ ശബ്ദരേഖയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരും ഉൾപ്പെട്ടിരുന്നു. ഇതോടെയാണ് രാഹുലിനെ വീണ്ടും വിളിപ്പിക്കുന്നത്. മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ഫോണിലെ ശബ്ദരേഖയിലാണ് രാഹുലിന്റെ പേര് പരാമർശിക്കുന്നത്. കേസില്‍ നിലവില്‍ ഏഴു പ്രതികളാണ് ഉള്ളത്. 

പൊലീസിന്‍റെ ആദ്യത്തെ ചോദ്യം ചെയ്യലില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെങ്കിലും അവർ വ്യാജ രേഖയുണ്ടാക്കിയതായി അറിയില്ലെന്നും, അത്തരത്തില്‍ വോട്ടുകള്‍ ലഭിച്ചിട്ടില്ലെന്നുമായിരുന്നു രാഹുലിന്‍റെ മൊഴി. 

അതേ സമയം, രാഹുലിന് എതിരായ ലൈംഗിക ആരോപണ കേസിൽ‌ ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള എഡിജിപി എച്ച്.വെങ്കിടേഷ് അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം റേഞ്ച് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാര്‍ ഇന്നലെ തന്നെ പരാതിയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. രണ്ടു ദിവസത്തിനകം മുഴുവന്‍ ടീമംഗങ്ങളെയും പ്രഖ്യാപിക്കും. എംഎല്‍എയുടെ മോശം പെരുമാറ്റത്തിന് ഇരയായ സ്ത്രീകള്‍ നേരിട്ട് പരാതി നല്‍കാത്തത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അനുഭവങ്ങള്‍ തുറന്നുപറഞ്ഞവരുടെ മൊഴി വേഗത്തിലെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നത്.

അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലെെംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നതായി റിപ്പോർട്ട്. കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രന്റെ വീട്ടിൽ ഇന്നലെയായിരുന്നു യോഗം. രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും എങ്ങനെ പാലക്കാട് എത്തിക്കുമെന്നായിരുന്നു യോഗത്തിന്റെ ചർച്ചയെന്നാണ് വിവരം.

വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം. രാഹുൽ മണ്ഡലത്തിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തി. ഇന്നലെ ഷാഫി പറമ്പിൽ പാലക്കാട് എത്തിയപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനാണ് എത്തിയതെന്നായിരുന്നു വിശദീകരണം.
എന്നാൽ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിന്റെ വിവരങ്ങൾ അറിഞ്ഞില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ സംഘടന ഉചിതമായ തീരുമാനമെടുത്തു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകുന്നതടക്കം ആലോചിച്ച് ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂർ ഭവന സന്ദർശന പരിപാടിക്കിടെയായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം.

അതേസമയം, ഷാഫി പറമ്പിലിനെ കഴിഞ്ഞ ദിവസം വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കിയിരുന്നു. ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ തടഞ്ഞ് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ടൗൺഹാളിൽ ഭിന്നശേഷിക്കാരുടെ ഓണം പരിപാടി ഉദ്ഘാടനം ചെയ്ത് എംപി മടങ്ങുമ്പോഴായിരുന്നു സംഭവം. പൊലീസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചെങ്കിലും പിന്മാറിയില്ല. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് നീക്കം. ഇന്നലെ വടകരയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു.

Continue Reading