Crime
സ്വര്‍ണപ്പാളിയില്‍നിന്നും 475 ഗ്രാം നഷ്ടമായി: പൊലീസ് മേധാവിയെ കക്ഷി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം മുന്നോട്ട് പോകണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളിയില്‍നിന്നും 475 ഗ്രാം നഷ്ടമായിട്ടുണ്ടെന്ന കാര്യം വ്യക്തമായതായി ഹൈക്കോടതി വെളിപ്പെടുത്തി. ശബരിമല സ്വര്‍ണപ്പാളി കേസില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. കേസില്‍ വിജിലന്‍സ് കണ്ടെത്തലുകളില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും സംസ്ഥാന പൊലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുമാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരുടെ ദേവസ്വം ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്നുതന്നെ ദേവസ്വം ബോര്‍ഡിന് കൈമാറും. ഇത് സംസ്ഥാന പോലീസ് മേധാവിക്കു കൈമാറുകയും പൊലീസ് മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിക്കമണെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസില്‍ നിക്ഷപക്ഷ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട കോടതി രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി മുദ്രവെച്ച കവറില്‍ കോടതിയെ അറിയിക്കണമെന്നും ആറാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അന്വേഷണ സംഘം എല്ലാ രേഖകളും കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. കൂടാതെ പ്രത്യേക അന്വേഷണ സംഘത്തിന് വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കി. അതിനാല്‍ തന്നെ എത്രയും വേഗം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനാണ് സാധ്യത. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്കോ മറ്റോ നൽകരുതെന്നും കോടതി വ്യക്തമാക്കി.
വിജിലന്‍സ് എസ്പി സുനില്‍കുമാറാണ് ശബരിമല സ്വര്‍ണപ്പാളി കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറിയത്. ശബരിമലയില്‍നിന്ന് ഇളക്കിമാറ്റിയ സ്വര്‍ണപ്പാളികള്‍ ശനിദോഷം അകറ്റാനും ഐശ്വര്യത്തിനായുമായും കോടിക്കണക്കിന് രൂപയ്ക്ക് ബെംഗളൂരുവില്‍ വിറ്റഴിച്ചുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങളാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. ദേവസ്വം കമ്മിഷണറുടെ നിര്‍ദേശ പ്രകാരമാണ് സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. മഹസറില്‍ രേഖപെടുത്തിയത് ചെമ്പുപാളി എന്നാണ് സ്വര്‍ണം എന്നല്ല. ശില്പങ്ങള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചപ്പോള്‍ സ്വര്‍ണ്ണത്തിന്റെ പാളി ഉണ്ടായിരുന്നു. ഇതോടെയാണ് ക്രമക്കേട് നടന്നുവെന്നുള്ള കാര്യം വ്യക്തമാകുന്നതെന്നും കോടതി വ്യക്തമാക്കി.
സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിലെച്ച് സ്വര്‍ണം മാറ്റിയെന്നുള്ള വിരങ്ങളാണ് പുറത്തുവരുന്നത്. ശ്രീകോവിലിന്റെ വാതിലിലേയും കട്ടിളപ്പടിയിലേയും സ്വര്‍ണങ്ങള്‍, ചെമ്പുപാളിയില്‍ സ്വര്‍ണം പൊതിഞ്ഞതിനെ വെറും ചെമ്പായിട്ട് മാത്രം രേഖപ്പെടുത്തിയും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുകയായിരുന്നുവെന്നും ഇത് സംശയാസ്പദവും അതീവഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു. ശബരിമലയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരിട്ട് ഇടപെടുന്ന സാഹചര്യമാണ് കാണാന്‍ കഴിഞ്ഞത്. പ്രത്യേക കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണിക്കണോ എന്നത് എസ്ഐടിക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
