Connect with us

Crime

മുഖ്യമന്ത്രിയുടെ മകന് യുകെയില്‍ പഠിക്കാന്‍ ലാവ്‌ലിൻ കമ്പനി പണം നല്‍കി: വിവേകിന് ഇ ഡി സമൻസ് ലാവ്ലിൻ കേസിൽ

Published

on

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമന്‍സ് അയച്ചത് എസ്എന്‍സി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ടാണെന്ന വിവരങ്ങള്‍ പുറത്ത് വന്നു. നേരത്തെ, ഈ സമന്‍സ് ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടാണ് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വന്നെങ്കിലും , ലാവ്‌ലിൻ കേസിലാണ് സമന്‍സ് അയച്ചതെന്ന് ഇ.ഡി. വൃത്തങ്ങള്‍ സ്ഥിരീകരിച്ചു

ലാവ്‌ലിൻ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലന്‍ മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന്റെ വിദ്യാഭ്യാസ ചിലവിനായി പണം നല്‍കി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇ.ഡി. സമന്‍സ് അയച്ചത്. ലാവ്‌ലിനില്‍ നിന്ന് വിദ്യാഭ്യാസത്തിനായി പണം ഈടാക്കി എന്നതാണ് ഈ സമന്‍സില്‍ പ്രധാനമായും പറയുന്നത്. 2023 ഫെബ്രുവരി 14-ന് രാവിലെ 10:30-ന് ഇ.ഡി.യുടെ കൊച്ചി ഓഫീസില്‍ വിവേക് കിരണ്‍ ഹാജരാകണം എന്നായിരുന്നു ഇ.ഡി. സമന്‍സിലെ ആവശ്യം. എന്നാൽ വിവേക് ഹാജരായില്ല.

എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിലാണ് (ഇ.സി.ഐ.ആര്‍.) ഈ കാര്യങ്ങള്‍ ഇ.ഡി. വ്യക്തമാക്കുന്നത്. 2020-ല്‍ ആണ് എസ്എന്‍സി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് ഇ.ഡി, ഇ.സി.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പി.എം.എല്‍.എ) പ്രകാരമാണ് നടപടിയെടുത്തത്.

ലാവ്‌ലിൻ കമ്പനിയുടെ മുന്‍ ഡയറക്ടറായിരുന്നു ദിലീപ് രാഹുലന്‍. ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പണം നല്‍കിക്കൊണ്ട് തന്റെയും സ്ഥാപനത്തിന്റെയും ഇംഗിതത്തിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യിപ്പിക്കുക എന്നതായിരുന്നു ദിലീപ് രാഹുലിന്റെ നയം എന്ന് മൊഴിയുള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു. ദിലീപ് രാഹുലന്‍ ഈ രീതിയില്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയന് 1995-ല്‍ തുക നല്‍കി. അതിനുശേഷം 1996-ല്‍  പിണറായി വിജയന് വലിയ തുകകള്‍ കൈമാറി. ഏറ്റവും പ്രധാനമായി, ദിലീപ് രാഹുലന്‍ പിണറായി വിജയന്റെ മകൻ വിവേകിന് യുകെയിലെ വിദ്യാഭ്യാസത്തിനായി വലിയ തുക ചെലവഴിച്ചു എന്ന ഒരു മൊഴിയും ഇ.സി.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Continue Reading