Crime
ശബരിമലയിലെ സ്വർണ്ണക്കൊള്ള കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയും സമാനമായി മറ്റ് ക്ഷേത്രങ്ങളിൽ നടക്കുന്ന ക്ഷേത്രസ്വത്ത് അപഹരണവും കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി കേരള ഘടകം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. ദേവസ്വം ബോർഡുകളെ സിഎജിയെക്കൊണ്ട് നേരിട്ട് ഓഡിറ്റ് ചെയ്യിക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കത്തിൽ ആവശ്യപ്പെടുന്നു.
ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണം മോഷണം പോയതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നിരിക്കുന്നത്.
ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, സംസ്ഥാനത്തെ മറ്റ് ദേവസ്വം ബോർഡുകളുടെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലെ ഭൂമിയും സ്വർണ്ണവും മോഷണം പോയ സമാനമായ സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംസ്ഥാന സർക്കാർ നിയമിച്ച ദേവസ്വം ബോർഡുകളാണ് കേരളത്തിലെ ഭൂരിഭാഗം ഹിന്ദുആരാധനാലയങ്ങളുടെയും സുരക്ഷയും പരിപാലനവും നടത്തിവരുന്നത്. സ്വർണ്ണം പൂശിയുള്ള ജോലികളിലെ ഗുരുതരമായ തട്ടിപ്പുകൾ, സ്വർണ്ണത്തിന്റെ അളവിലെ വിശദീകരിക്കാനാകാത്ത കുറവുകൾ, തിരുവിതാംകൂർ ദേവസ്വം ബോർഡിനുള്ളിലെ വ്യവസ്ഥാപരമായ ദുർഭരണം എന്നിങ്ങനെ നിരവധി ക്രമക്കേടുകളാണ് കോടതി ഇടപെടലിലൂടെയും മാധ്യമ റിപ്പോർട്ടുകളിലൂടെയും പുറത്തുവന്നിരിക്കുന്നത്, കത്തിൽ വിശദീകരിക്കുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന കുറ്റകൃത്യങ്ങളും അഴിമതികളും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തന്നെ വീഴ്ചകളാണെന്ന് ഹൈക്കോടതി വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കുന്നതിൽ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും വന്ന വീഴ്ച നിയമപരമായ മര്യാദകളുടെയും ബാധ്യതകളുടെയും ലംഘനമാണ്. ബഹുമാനപ്പെട്ട കേരള ഹൈക്കോടതി, ഈ വിഷയങ്ങളിൽ (ശബരിമലയിലെ ക്രമക്കേടുകൾ, എസ്എസ് സിആർ നമ്പർ.23/2025) 2025 സെപ്തംബർ 9ന് സ്വമേധയാ കേസെടുക്കുകയും, അനുമതിയില്ലാതെ സ്വർണ്ണം പൂശിയുള്ള പുരാവസ്തുക്കൾ നീക്കം ചെയ്യുകയും പുനസ്ഥാപിക്കുകയും ചെയ്തതുൾപ്പെടെയുള്ള ക്രമക്കേടുകൾ അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിക്കാൻ ഉത്തരവിടുകയും ചെയ്തുവെന്ന് വസ്തുതകൾ കത്തിൽ നിരത്തുന്നു.
കോടതിയുടെ ഉത്തരവുകളിലും ദേവസ്വം വിജിലൻസ് റിപ്പോർട്ടിലും വിശദീകരിച്ചിരിക്കുന്ന സംഭവങ്ങൾ, ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ പതിറ്റാണ്ടുകളായി നടന്നുവരുന്ന അഴിമതിയെയും അശ്രദ്ധയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. നമ്മുടെ വിശ്വാസികൾക്കിടയിൽ ആത്മവിശ്വാസം പുനസ്ഥാപിക്കുന്നതിനും പുണ്യക്ഷേത്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും അടിയന്തിരനടപടി വേണമെന്ന് ബിജെപി അധ്യക്ഷൻ
കത്തിലൂടെ ആവശ്യപ്പെടുന്നു.
കേരള പോലീസ് ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാൽ, പോലീസിന്റെ അന്വേഷണത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ല. ഈ കാര്യങ്ങൾ കണക്കിലെടുത്ത് ദേവസ്വം ബോർഡുകളിലെയും അതിന്റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളിലെയും കഴിഞ്ഞ 30 വർഷത്തെ ഇടപാടുകൾ അന്വേഷിക്കാൻ ഒരു കേന്ദ്ര ഏജൻസിക്ക് നിർദ്ദേശം നൽകണമെന്ന് രാജീവ് ചന്ദ്രശേഖർ കേന്ദ്രആഭ്യന്തരമന്ത്രിയോട് അഭ്യർത്ഥിച്ചു.
കേരളത്തിലെ ദേവസ്വം ബോർഡുകളിൽ സമഗ്രമായ ഓഡിറ്റ് നടത്താൻ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന് (സിഎജി) നിർദ്ദേശം നൽകുക. ക്ഷേത്രങ്ങളിൽ ക്രമക്കേട് തിരിച്ചറിയുന്നതിനും അപ്രോസിക്യൂഷൻ ഉറപ്പാക്കുന്നതിനും ഓഡിറ്റ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങളും ബിജെപി മുന്നോട്ട് വയ്‌ക്കുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് പാർട്ടി സംസ്ഥാന ഘടകം വിശ്വസിക്കുന്നു. ഇത് പതിറ്റാണ്ടുകളായി തുടരുന്നുവെന്നും ദേവസ്വം ബോർഡുകൾ പോലുള്ള സ്ഥാപനങ്ങളെ ക്രിമിനൽ സംഘങ്ങൾ കൈയടക്കുകയും നശിപ്പിക്കുകയും ചെയ്തതിന്റെ ഫലമാണെന്നും
രാജീവ് ചന്ദ്രശേഖർ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
