Connect with us

Crime

സ്വർണ്ണപ്പാളി ചെമ്പുപാളിയാക്കി, പോറ്റിക്ക് അവസരമൊരുക്കി’: മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറസ്റ്റിൽ

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക നീക്കവുമായി പ്രത്യേക അന്വേഷണസംഘം. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയായ മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി.സുധീഷ്‌കുമാറിനെ അറസ്റ്റ് ചെയ്തു. കേസില്‍ മൂന്നാമത്തെ അറസ്റ്റാണിത്. ഇന്നലെ ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തിച്ചു മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സുധീഷിനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും.  

2019 ല്‍ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന് റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ സുധീഷ്‌കുമാര്‍ ആയിരുന്നു എക്‌സിക്യൂട്ടീവ് ഓഫിസര്‍. കേസില്‍ രണ്ടാം പ്രതിയായ മുരാരി ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീഷ്‌കുമാറിനെ ചോദ്യം ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. അന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആയിരുന്ന മുരാരി ബാബു, ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ചാണു പ്രവര്‍ത്തിച്ചതെന്നും ഫയല്‍ തിരുത്താന്‍ ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെ 5 പേര്‍ക്ക് അധികാരം ഉണ്ടായിരുന്നുവെന്നുമാണ് അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നത്. 

സ്വര്‍ണം കവരാന്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് അവസരമൊരുക്കിയതില്‍ സുധീഷ് കുമാറിനും പങ്കുണ്ടെന്ന നിഗമനത്തിലാണ് എസ്‌ഐടി. വര്‍ഷങ്ങളോളം ശബരിമലയില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുള്ള സുധീഷിന് 1998ല്‍ ദ്വാരപാലകശില്‍പങ്ങള്‍ സ്വര്‍ണം പൂശിയ വിവരം അറിയാമായിരുന്നുവെന്നും, എന്നിട്ടും 2019ല്‍ ചെമ്പുപാളി എന്നു രേഖപ്പെടുത്തിയത് തിരുത്താതിരുന്നത് ദുരൂഹമാണെന്നുമാണ് വിലയിരുത്തല്‍. അതേസമയം, ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്തും ഇടനിലക്കാരനുമായ വാസുദേവനെ ചോദ്യം ചെയ്തു വിട്ടയച്ചു. വാസുദേവനും സുധീഷ്‌കുമാറും ഒരുമിച്ചാണ് ഇന്നലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തിയത്. വാസുദേവനെ ചോദ്യം ചെയ്തു വിട്ടയച്ച സംഘം സുധീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

Continue Reading