Crime
സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ സെക്രട്ടറി എസ്.ജയശ്രീയുടെ അറസ്റ്റ് ഉടൻ
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മുരാരി ബാബുവിനും സുധീഷിനും ബൈജുവിനും ശേഷം ദേവസ്വം മുൻ സെക്രട്ടറി എസ്.ജയശ്രീയുടെ അറസ്റ്റ് ഉടൻ. ഇവർ സമർപ്പിച്ച മുൻ കൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണിത്. ദ്വാരപാലക കേസിൽ ജയശ്രീ നാലാം പ്രതിയാണ്. ജയശ്രീ മിനിറ്റ്സ് തിരുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ദ്വാരപാലക ശിൽപ്പങ്ങളും തകിടുകളും സ്വർണം പൊതിഞ്ഞതാണെന്ന് ഇവർക്ക് അറിയാമായിരുന്നു. എന്നിട്ടും ദേവസ്വം ബോർഡ് മിനിറ്റ്സിൽ എഴുതിയിരുന്നതിൽ വ്യത്യസ്തമായി ദ്വാരപാലക ശിൽപ്പങ്ങളിൽ ചെമ്പ് പാളികൾ എന്ന് തിരുത്തുകയും അത് ഒന്നാം പ്രതിക്ക് കൈമാറാൻ ഉത്തരവ് നൽകുകയും ചെയ്തത് ജയശ്രീയാണ്. ആരോഗ്യപ്രശ്നങ്ങളും മറ്റും ചൂണ്ടിക്കാട്ടി മുൻ കൂർ ജാമ്യത്തിനായി ജയശ്രീ ആദ്യം ഹൈക്കോടതിയെയാണ് സമീപിച്ചത്. എന്നാൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. തുടർന്നാണ് പത്തനംതിട്ട സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്.
നടപടി ക്രമങ്ങളുടെ ഭാഗമായി ജയശ്രീക്ക് വീണ്ടും ഹൈക്കോടതിയിൽ പോകാം. എന്നാൽ അതിനുള്ള സാധ്യത കാണുന്നില്ല. ഉടൻ തന്നെ എസ്ഐടി ഇവരെ അ റസ്റ്റ് ചെയ്യുമെന്നാണ് സൂചന.
