Connect with us

KERALA

തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികൾക്ക് വിനിയോഗിക്കാവുന്ന തുകയുടെ വിവരങ്ങൾ ഇവയാണ് : വീഴ്ച വരുത്തിയാൽ അയോഗ്യർ

Published

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ചെലവിനായി സ്ഥാനാർത്ഥികൾക്ക് വിനിയോഗിക്കാനാകുന്ന പരമാവധി തുകയുടെ വിവരങ്ങൾ പുറത്തുവിട്ടു. ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും, ബ്ലോക്ക് പഞ്ചായത്തിൽ 75,000 രൂപയും, ജില്ലാ പഞ്ചായത്തിൽ 1,50,000 രൂപയും വരെയാണ്. മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ പരമാവധി 75,000 രൂപയും, കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 1,50,000 രൂപ വരെ ചെലവാക്കാം. സ്ഥാനാർത്ഥിക്കോ തിരഞ്ഞെടുപ്പ് ഏജന്റിനോ ചെലവഴിക്കാവുന്ന പരമാവധി തുകയാണിത്.

സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി ജില്ലകളിൽ നിരീക്ഷകരുണ്ടാവും. മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് കൈമാറേണ്ടതുണ്ട്. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ചെലവ് കണക്ക് സമർപ്പിക്കേണ്ടത്.www.sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ Election Ex-penditure moduleൽ സ്ഥാനാർത്ഥികൾ ലോഗിൻ ചെയ്ത് ഓൺലൈനായും കണക്ക് സമർപ്പിക്കാം.
സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ദിവസം മുതൽ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവ് കണക്കാണ് നൽകേണ്ടത്. കണക്കിനൊപ്പം രസീത്, വൗച്ചർ, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കേണ്ടതുണ്ട്. അവയുടെ യഥാർത്ഥ പകർപ്പുകൾ സ്ഥാനാർത്ഥി സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന പക്ഷം പരിശോധനയ്ക്കായി നൽകുകയും ചെയ്യണം. തിരഞ്ഞെടുപ്പ് ചെലവ് കണക്ക് നൽകുന്നതിൽ വീഴ്ച വരുത്തുന്നവരെ കമ്മീഷൻ അഞ്ച് വർഷത്തേക്ക് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ അംഗമായി തുടരുന്നതിനോ നിന്ന് അയോഗ്യരാക്കും. ഉത്തരവ് തീയതി മുതൽ അഞ്ച് വർഷത്തേക്കാണ് അയോഗ്യത വരിക. നിശ്ചിത പരിധിയിൽ കൂടുതൽ തുക ചെലവാക്കിയാലും തെറ്റായ വിവരമാണ് നൽകിയതെന്ന് ബോദ്ധ്യപ്പെട്ടാലും കമ്മീഷൻ സ്ഥാനാർത്ഥികളെ അയോഗ്യരാക്കും.

Continue Reading