Crime
ജമ്മുവിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 9 മരണം. 20 പേർക്കു പരിക്ക്
ശ്രീനഗർ : ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 9 മരണം. 20 പേർക്കു പരുക്കേറ്റു. 5 പേരുടെ നില ഗുരുതരമാണ്. സ്റ്റേഷനും വാഹനങ്ങളും കത്തിയമർന്നു. സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഫരീദാബാദിൽ തീവ്രവാദബന്ധത്തിന് അറസ്റ്റിലായവരിൽനിന്ന് പിടികൂടിയ സ്ഫോടക വസ്തുക്കൾ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്.
ഫൊറൻസിക് വിദഗ്ധരും പൊലീസും റവന്യൂ അധികൃതരും പരിശോധന നടത്തുമ്പോഴാണ് സ്ഫോടനമുണ്ടായത്.
അർധരാത്രിയോടെയാണ് സ്ഫോടനം നടന്നത്. നൗഗാം പൊലീസ് സ്റ്റേഷനു മുന്നിൽ ജയ്ഷെ മുഹമ്മദിനെ അനുകൂലിക്കുന്ന പോസ്റ്റർ പതിച്ചതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഡോക്ടർമാർ ഉൾപ്പെട്ട വലിയ ഭീകരസംഘത്തെ പിടികൂടിയത്. 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ 350 കിലോഗ്രാം അമോണിയം നൈട്രേറ്റുമുണ്ടായിരുന്നു. പിടിച്ചെടുത്ത വസ്തുക്കൾ ജമ്മുവിലെ സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഫരീദാബാദിൽ ആദ്യം പരിശോധന നടത്തി ഭീകര ബന്ധം കണ്ടെത്തിയത് ജമ്മു പൊലീസാണ്. അതിനാലാണ് സ്ഫോടക വസ്തുക്കൾ ഇവിടേയ്ക്ക് കൊണ്ടുവന്നത്. പിന്നീടാണ് എൻഐഎയ്ക്ക് കൈമാറിയത്.
