Crime
രമയുടെ താളത്തിനൊത്ത് തുള്ളാനാകില്ലെന്ന് സംസ്ഥാന സർക്കാർ :കൊലപാതക കേസിന്റെ മെറിറ്റ് അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്നു സുപ്രീം കോടതി
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കെ.കെ. രമയുടെ താളത്തിനൊത്ത് തുള്ളാനാകില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.
രമ അനാവശ്യമായി സർക്കാരിന്റെ വിശ്വാസ്യത ചോദ്യംചെയ്യുകയാണെന്നും സർക്കാർ അഭിഭാഷകൻ ആരോപിച്ചു. സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സീനിയർ അഭിഭാഷകനും കെ.കെ. രമയുടെ സീനിയർ അഭിഭാഷകനും തമ്മിൽ രൂക്ഷമായ വാക്കേറ്റവും ഉണ്ടായി.
ടി.പി. കേസിൽ ശിക്ഷിക്കപെട്ട ജ്യോതി ബാബുവിന്റെ ജാമ്യ ഹർജി പരിഗണിക്കവെയാണ് സംസ്ഥാന സർക്കാരിന്റെ സീനിയർ അഭിഭാഷകനും കെ.കെ. രമയുടെ സീനിയർ അഭിഭാഷകനും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായത്. കേസിൽ സർക്കാരും കുറ്റവാളികളും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് രമയ്ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ. ബസന്ത് ആരോപിച്ചു. ഇതിൽ പ്രകോപിതായാണ് സംസ്ഥാന സർക്കാരിന്റെ സീനിയർ അഭിഭാഷകൻ പി.വി. ദിനേശ് ശക്തമായ എതിർപ്പ് കോടതിയെ അറിയിച്ചത്.
കേസിൽ സർക്കാർ നിലപാട് വ്യക്തമാക്കാൻ താൻ കോടതിയിൽ ഹാജരായിട്ടുണ്ട്. താൻ നിലപാട് പറഞ്ഞിട്ടില്ല. പിന്നെങ്ങനെയാണ് സർക്കാർ കുറ്റവാളികളുമായി ഒത്തുകളിക്കുന്നു എന്ന് പറയാൻ കഴിയുകയെന്ന് ദിനേശ് ചോദിച്ചു. രമയുടെ അഭിഭാഷകൻ ഗാലറിക്കുവേണ്ടിയാണ് ആരോപണം ഉന്നയിക്കുന്നതെന്നും സർക്കാർ ആരോപിച്ചു. പരാതിക്കാരിയുടെ താളത്തിനൊത്ത് തുള്ളാനാകില്ലെന്നും സീനിയർ അഭിഭാഷകൻ പി.വി. ദിനേശ് കോടതിയിൽ പറഞ്ഞു. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും കോടതിയിൽ ഹാജരായിരുന്നു. കെ.കെ. രമയ്ക്കുവേണ്ടി സീനിയർ അഭിഭാഷകൻ ആർ. ബസന്ത്, അഭിഭാഷകൻ എ. കാർത്തിക് എന്നിവരാണ് ഹാജരായത്.
ഒത്തുകളിക്കുന്നു എന്ന വാദത്തെ ജ്യോതി ബാബുവിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നാഗമുത്തു എതിർത്തു. ജാമ്യ ഹർജിയിൽ ഇന്ന് തീരുമാനം എടുക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത് കൊലപാതകക്കേസ് ആണെന്നും കേസിന്റെ മെറിറ്റ് അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിചാരണക്കോടതിയിൽ ഉള്ള കേസിന്റെ രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. അത് ഇതുവരെയും ഹാജരാക്കിയിട്ടില്ല. ജ്യോതി ബാബുവിനും ഈ രേഖകൾ ഹാജരാക്കാവുന്നതെയുള്ളൂ എന്നും കോടതി വ്യക്തമാക്കി. ഇവ എത്തിയശേഷം മാത്രമേ കേസ് ഇനി പരിഗണിക്കൂ.
