Crime
പോറ്റിയും പത്മകുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെതിരേ ശക്തമായ തെളിവുകള്‍. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി പത്മകുമാറിന്റെ ബന്ധം തെളിയിക്കുന്ന രേഖകള്‍ എസ്‌ഐടി കണ്ടെത്തി. ഇന്നലെ പത്മകുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തിയിട്ടുണ്ട്.
പന്ത്രണ്ടു മണിക്കൂറോളം നീണ്ട പരിശോധനായായിരുന്നു അന്വേഷണസംഘം പത്മകുമാറിന്റെ വീട്ടില്‍ വെള്ളിയാഴ്ച നടത്തിയത്. പ്രധാനമായും പോറ്റിയും പത്മകുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇന്നലെ അന്വേഷിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് ഭൂമിയിടപാടുമായി ബന്ധപ്പെട്ട രേഖകള്‍ എസ്‌ഐടിക്ക് ലഭിച്ചെന്നാണ് വിവരം.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നായി നേരത്തെ തന്നെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയില്‍നിന്ന് മൊഴി ലഭിച്ചിരുന്നു. പത്മകുമാറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്നും പോറ്റി പറഞ്ഞിരുന്നു. എന്നാല്‍ പത്മകുമാര്‍ ഇക്കാര്യങ്ങള്‍ നിഷേധിച്ചിരുന്നു. പോറ്റി നേരത്തെ നല്‍കിയ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ക്കു വേണ്ടിയായിരുന്നു എസ്‌ഐടിയുടെ പരിശോധന.
പോറ്റിയും പത്മകുമാറും ചേര്‍ന്ന് 2020,21,22 കാലഘട്ടത്തില്‍ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകള്‍ പ്രത്യേകിച്ച് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ നടന്നിരുന്നു. ആറന്മുളയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളും നടന്നതായി എസ്‌ഐടിക്ക് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് വേണ്ടിയാണ് പത്മകുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഭൂമിയിടപാടുകളുടെ രേഖകള്‍ ലഭിച്ചെന്നാണ് വിവരം.
