Crime
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍,
തിരുവനന്തപുരം: യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പോലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡനം, നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ എന്നീ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിട്ടുള്ളത്. നെടുമങ്ങാട് വലിയമല സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യുവതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ പരാതിയിലാണ് നടപടി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ യുവതിയില്‍നിന്ന് മൊഴിയെടുത്തിരുന്നു.
വ്യാഴാഴ്ച നാലരയോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മറ്റൊരു സ്ത്രീക്കൊപ്പമെത്തിയാണ് യുവതി കാര്യങ്ങള്‍ വിശദീകരിച്ചത്. മൂന്നുപേജുള്ള പരാതി എഴുതി നല്‍കി. വാട്സാപ്പ് ചാറ്റ്, ശബ്ദരേഖ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും കൈമാറിയിട്ടുണ്ട്. എഡിജിപി എച്ച്. വെങ്കടേഷിന് മുഖ്യമന്ത്രി പരാതി കൈമാറിയതിനുപിന്നാലെ പോലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ നിശ്ചയിച്ചിരുന്നു.
ഓഗസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ലൈംഗികാരോപണം ഉയര്‍ന്നുവെങ്കിലും പരാതിക്കാരി നേരിട്ടെത്തിയിരുന്നില്ല. എന്നാല്‍, മൂന്നാംകക്ഷികള്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതികള്‍ പരിഗണിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ശബ്ദരേഖയിലെ യുവതിയെ കണ്ടെത്തി പരാതി എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും യുവതി അതിന് തയ്യാറായിരുന്നില്ല.
പരാതി ലഭിച്ചതോടെ പാലക്കാട്ടെ എംഎല്‍എ ഓഫീസ് പൂട്ടി രാഹുല്‍ മാറിനില്‍ക്കുകയാണ്. ഫോണും സ്വച്ച് ഓഫാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അറസ്റ്റിന് നീക്കം ആരംഭിച്ചതോടെ മുന്‍കൂര്‍ജാമ്യത്തിനുള്ള നീക്കത്തിലാണ് രാഹുല്‍.
