Crime
രാഹുലിന് എതിരായ രണ്ടാമത്തെ കേസ്: മുൻകൂർ ജാമ്യ ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി
തിരുവനന്തപുരം : ഇ മെയിൽ വഴി കെ.പി സി സി പ്രസിഡൻ്റിന് വന്ന പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. അഡീ.സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. പൊലീസിന്റെ റിപ്പോർട്ട് കിട്ടുന്നതിനുവേണ്ടിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചത്. ഇത് രാഷ്ട്രീയ പ്രേരിതമായ കേസ് അല്ലേയെന്ന് കോടതി വാക്കാൽ പ്രൊസിക്യൂഷനോട് ചോദിക്കുകയും ചെയ്തു.
ആദ്യം റജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിനു തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ കേസില്‍ രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. പരാതിക്കാരിയുടെ പേരു പോലും ഇല്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജി നല്‍കിയത്. ജാമ്യഹര്‍ജി തീര്‍പ്പാക്കുന്നതു വരെ അറസ്റ്റ് തടയണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അറസ്റ്റ് കോടതി തടഞ്ഞില്ല.
ബെംഗളൂരു സ്വദേശിയായ യുവതി കെപിസിസിക്കു നല്‍കിയ പരാതി പിന്നീടു ഡിജിപിക്കു കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ബലാത്സംഗക്കേസ് എടുത്തത്. അവധിക്കു നാട്ടില്‍ എത്തിയപ്പോള്‍ വിവാഹവാഗ്ദാനം നല്‍കി ഹോംസ്‌റ്റേയില്‍ എത്തിച്ചു ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇമെയിലില്‍ അയച്ച പരാതിയില്‍ യുവതിയുടെ പേരുണ്ടായിരുന്നില്ല.
