Uncategorized
സ്വർണക്കൊള്ള ആരോപണം തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിക്കില്ലെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: ഭരണത്തുടർച്ചയ്ക്കായി കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനവും ജനക്ഷേമവുമാണ് എൽഡിഎഫ് ലക്ഷ്യംവെക്കുന്നത്. കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്കുയർത്തുമെന്നും പിണറായി പറഞ്ഞു.
പത്തുവർഷംമുൻപുള്ള യു.ഡി.എഫ്. സർക്കാരിന്‍റെ ഭരണത്തെയും മുഖ്യമന്ത്രി വിമർശിച്ചു. ആരോഗ്യരംഗം തകർച്ചയിലായിരുന്നെന്നും പാഠപുസ്തകങ്ങൾ പോലും വിതരണംചെയ്യാനാവാത്തവിധം വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞുകിടക്കുകയായിരുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. ആ ഇരുണ്ട കാലത്തുനിന്നാണ് കേരളത്തെ പുനർനിർമിക്കാനുള്ള ഉത്തരവാദിത്വം ഇടത് സർക്കാർ ഏറ്റെടുത്തത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ പടക്കം പൊട്ടിച്ചും കൈയടിച്ചും പ്രോത്സാഹിപ്പിച്ചവരാണ് കോൺഗ്രസുകാർ. എന്നാൽ, ഈ കേസിൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ പുതിയ നടപടികൾ കോൺഗ്രസിന്റെ മുഖത്തേറ്റ അടിയായി. ഡൽഹിയിൽ ബി.ജെ.പി.യുടെ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ബി-ടീം ആയി കോൺഗ്രസ് അധഃപതിച്ചു. സമാനമായ കാഴ്ചയാണ് ഹരിയാണയിലും ബിഹാറിലും കണ്ടതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചത് യുഡിഎഫിന്റെ ഡീൽ മൂലമാണ്. എന്നാൽ, ഇടത് മുന്നണി ആ അക്കൗണ്ട് പൂട്ടിച്ചു. കോലീബി സഖ്യവും ഓർമിപ്പിച്ച അദ്ദേഹം സ്വർണക്കൊള്ള ആരോപണം തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിക്കില്ലെന്നും വ്യക്തമാക്കി
