Uncategorized
സംസ്കാരം സമരം ചെയ്താൽ കിട്ടില്ല’; തോമസ് ഐസക്കിന് മറുപടിയുമായ് രമേഷ് പിഷാരടി : ഖേദം പ്രകടിപ്പിച്ചു ഐസക്ക്
പാലക്കാട് : കോമഡി താരത്തെ സ്ഥാനാർഥിയാക്കിയിട്ട് എന്തു കാര്യമെന്ന സിപിഎം നേതാവ് ടി.എം. തോമസ് ഐസക്കിന്റെ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് സ്ഥാനാർഥി രമേഷ് പിഷാരടി. തോമസ് ഐസക്ക് മുതിർന്ന നേതാവാണ്. അദ്ദേഹം പറഞ്ഞതുപോലെ ഒപ്പത്തിനൊപ്പമുള്ള മറുപടി നൽകാനില്ല. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. എനിക്ക് സ്വാതന്ത്ര്യം മാത്രമല്ല, സംസ്കാരം കൂടിയുണ്ട്. സംസ്കാരം സമരം ചെയ്താൽ കിട്ടില്ല. അത് എളുപ്പം കിട്ടുന്നതുമല്ല. കെപിഎസി പോലുള്ള സമിതികളിലൂടെ കലാകാരൻമാരെ മുന്നിലേക്കു കൊണ്ടുവന്ന ഇടതുപക്ഷത്തിന് എന്നാണ് കലാകാരൻമാർ കാണാൻ വയ്യാത്തവരായത്? അവനവനോടൊപ്പം നിൽക്കാത്തവർ വെറുക്കപ്പെട്ടവർ ആകുന്നതെങ്ങനെ എന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കോമാളി പ്രയോഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് തോമസ് ഐസക്. രമേഷ് പിഷാരടിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ വിമർശനമാണെന്നാണ് വിശദീകരണം. പാലസ്തീൻ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചതെന്നും കോമാളി പ്രയോഗത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും തോമസ് ഐസക് പറഞ്ഞു.
പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയുടെ അഭിനയ മികവിനെ മോശം പറയാനായിരുന്നില്ല ഉദ്ദേശിച്ചത്. രാഷ്ട്രീയ വിമർശനമാണ് നടത്തിയത്. മധ്യേഷ്യയിലെ പ്രതിസന്ധിയെക്കുറിച്ചും പലസ്തീൻ വിഷയത്തെക്കുറിച്ചും ഞങ്ങൾക്കും കോൺഗ്രസിനും നിലപാടുണ്ടെന്നും എന്നാൽ, ആ നിലപാടുകൾക്ക് വിരുദ്ധമായുള്ള പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് താൻ വിമർശിച്ചതെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് എന്ത് കാര്യമെന്ന ഐസക്കിന്‍റെ പരാമര്‍ശം വലിയ വിവാദമായിരുന്നു.
