Crime
തിമിരിയില്‍ ആർഎസ്എസ് കാര്യകർത്താക്കളെ ബോംബറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്
കണ്ണൂർ: തിമിരിയില്‍ ആർഎസ്എസ് കാര്യകർത്താക്കളെ ബോംബറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്. സിപിഎം മുന്‍ ആലക്കോട് ഏരിയ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി.വി. ബാബുരാജ് അടക്കം 10 പ്രതികളെയാണ് ശിക്ഷിച്ചത്. തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ.എൻ.പ്രശാന്തിൻറേതാണ് വിധി. 2,60,000 രൂപ വീതം പിഴയും പ്രതികൾ ഒടുക്കണം.
തിമിരി ഏളയാട് മേമന എം.കെ.പ്രദീപ്‌കുമാർ, കൂത്തമ്പലം പനയന്തട്ടയപുരയിൽ പി.പി.സത്യൻ, സിപിഎം പഞ്ചായത്തംഗമായ ഏളയാട് പുല്ലായിക്കൊടി വീട്ടിൽ പി.വി.ബാബുരാജ്, അടുക്കം ഇടത്തിലെവിട്ടിൽ ഇ.വി.വിനോദ് കുമാർ, ഏളയാട് പാലേരി വിജയൻ, ഏളയാട് കരിപ്പാൽ പടിഞ്ഞാറെ വീട്ടിൽ കെ.പി.സുരേഷ്, ചെറുപുഴ തെക്കേവയൽ ടോബി, ഏളയാട് കോറോത്ത് വളപ്പിൽ ജനാർദനൻ, കാരയാട്ട് മാൻവെട്ടുംകുന്നേൽ ശിവപ്രകാശ് എന്നിവർക്കാണ് ശിക്ഷ. ശിക്ഷ വിധിച്ചതോടെ പഞ്ചായത്തംഗം അയോഗ്യനാക്കപ്പെടും. രണ്ടാം പ്രതി തെക്കിനിയിൽ ടി.വി.ബിനു എന്ന ഉടുമ്പ് ബിനു 25 വർഷം തടവ് അനുഭവിക്കണം. ബാക്കി 9 പ്രതികൾ 10 വർഷം ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
2011 നവംബര്‍ 27-നാണ് നാടിനെ നടുക്കിയ അക്രമ സംഭവം നടന്നത്. തിമിരിയിൽ ആര്‍എസ്എസ് ശാഖ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. സംഭവത്തിന് തലേദിവസം പ്രദേശത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നിലനിന്നിരുന്നു. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ഡിസ്ചാര്‍ജ് ചെയ്ത് വാഹനത്തില്‍ വീട്ടിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനിടെയാണ് ആസൂത്രിതമായ അക്രമം ഉണ്ടായത്.
തിമിരി ഔവര്‍ കോളേജിന് സമീപം വെച്ച് മുപ്പതോളം പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിയുകയായിരുന്നു. അക്രമത്തില്‍ ഒമ്പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചെറുപുഴ സ്വദേശികളായ ഇ.വി. രാമചന്ദ്രന്‍, എ.ടി. സന്തോഷ്, ചന്ദ്രന്‍, ജോജി ഫിലിപ്പ്, ലാല്‍കൃഷ്ണന്‍, എം.സി. നാരായണന്‍, എം.കെ. മുരളി, ഷിജില്‍ എന്നിവര്‍ക്കാണ് സാരമായ പരിക്കേറ്റത്. ദീര്‍ഘകാലം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ യു. രമേശന്‍ ഹാജരായി.
രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ ബോംബെറിഞ്ഞ് ജീവന്‍ അപായപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. കോടതിവിധി ഈ കണ്ടെത്തല്‍ അക്രമ രാഷ്‌ട്രീയത്തിനേറ്റ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
