KERALA
അടിയന്തര പ്രമേയത്തിനിടെ സഭയിൽ പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും തമ്മിൽ ഏറ്റുമുട്ടൽ
തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയത്തിനിടെ സഭയിൽ പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും തമ്മിൽ ഏറ്റുമുട്ടൽ. ചോദ്യങ്ങൾക്ക് മറുപടിനൽകാൻ ഫിഷറീസ് മന്ത്രിക്ക് കഴിവുകേടാണോ എന്ന പ്രതിപക്ഷ നേതാവ് പിണറായിയുടെ പരാമർശത്തിലായിരുന്നു ബഹളം. ഫിഷറീസ് വകുപ്പ് മന്ത്രി മറുപടി പറയുന്നതിനിടെ വനംമന്ത്രി ഇടപെട്ടതാണ് പിണറായിയുടെ പരാമർശത്തിന് കാരണമായത്.
ട്രോളിങ് നിരോധനം വന്നതുമുതൽ വറുതിയിലായ മത്സ്യത്തൊഴിലാളികൾക്ക്, പഞ്ഞമാസ ആനുകൂല്യം വിതരണംചെയ്യാത്തതുമായി ബന്ധപ്പെട്ട വിഷയം സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് എംഎൽഎമാരായ സജി ചെറിയാൻ, കെ. രാജൻ, പി.കെ. പ്രവീൺ എന്നിവർ നൽകിയ നോട്ടീസ് പരിഗണിക്കവെയായിരുന്നു പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും നേർക്കുനേർ തിരിഞ്ഞത്.
നോട്ടീസിന്മേൽ ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ മറുപടി പറയവെ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഇടപെടുകയായിരുന്നു. എന്നാൽ, ഇത്തരത്തിൽ ഒരു കീഴ് വഴക്കം ഉണ്ടോ എന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഷിബു ബേബി ജോണിനോട് ചോദിച്ചു. എന്നാൽ, ഫിഷറീസ് വകുപ്പ് മന്ത്രി സംസാരിക്കാൻ അനുമതി നൽകി എന്നായിരുന്നു ഷിബു ബേബി ജോണിന്റെ മറുപടി. തുടർന്ന് മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയത്തിൽ വനംവകുപ്പ് മന്ത്രി മറുപടി പറയുകയായിരുന്നു. ഇതിനെ വിമർശിച്ചുകൊണ്ടാണ് പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്.
‘ഒരു മന്ത്രി മറുപടി പറഞ്ഞുകൊണ്ടിരിക്കുമ്പോൾ മറ്റൊരു മന്ത്രി ഇടപെടുകയും അതിന് സ്പീക്കർ പതിവിൽനിന്ന് വിപരീതമായി അനുവാദംനൽകുകയും ചെയ്തു. ഇക്കാര്യത്തിൽ ഫിഷറീസ് വകുപ്പ് മന്ത്രിക്ക് മറുപടിപറയാൻ അല്പം കഴിവുകേട് ഉണ്ട് എന്ന് തോന്നിക്കത്തക്ക രീതിയിലുള്ള ഇടപെടലാണ് ഉണ്ടായത്. അത് പാടില്ല. ഫിഷറീസ് വകുപ്പ് മന്ത്രിക്ക് കഴിവുകേടുണ്ട് എന്ന് കാണിക്കത്തക്ക രീതിയിൽ മറ്റൊരു മന്ത്രി ഇടപെട്ടത് ശരിയല്ല. അങ്ങനെ ഇടപെടാൻ പാടുണ്ടോ?’, പിണറായി ചോദിച്ചു.
എന്നാൽ, പ്രതിപക്ഷ നേതാവ് മന്ത്രിയെ അപമാനിക്കാൻ ശ്രമിക്കുയാണെന്ന് ആരോപിച്ച് ഭരണപക്ഷം ബഹളംവെച്ചു. തുടർന്ന് പിണറായി ഇതിന് മറുപടിനൽകാൻ എഴുന്നേറ്റു. ‘ഞാൻ ആരേയും അപമാനിച്ചിട്ടില്ല. അപമാനിക്കാൻ ശ്രമിച്ചത് ഭരണപക്ഷമാണ്. ഒരു മന്ത്രി മറുപടി പറയുമ്പോൾ മറ്റൊരു മന്ത്രി എഴുന്നേറ്റ് പറഞ്ഞുകൊണ്ടിരിക്കുന്ന മന്ത്രിക്ക് കഴിവില്ലെന്ന് സ്ഥാപിക്കുന്നതാണ് അങ്ങേയറ്റത്തെ അപരാധം. അതാണ് ഇവിടെ ഉണ്ടായത്. അതുപാടുണ്ടോ എന്നതാണ് പ്രശ്നം’, പ്രതിപക്ഷ നേതാവ് പറഞ്ഞു.
പിന്നാലെ, പ്രതിപക്ഷനേതാവിനെ വിമർശിച്ചും വനംമന്ത്രിയുടെ ഇടപെടൽ ന്യായീകരിച്ചും മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അടിയന്തരപ്രമേയം വന്നഘട്ടങ്ങളിൽ പല മന്ത്രിമാരും മറുപടി പറയുന്ന സമയത്ത് അതിനിടയിൽ ഇടപെട്ട് സംസാരിച്ചതിന്റെ റെക്കോർഡുകൾ സഭയിലുണ്ടെന്ന് വി.ഡി. സതീശൻ പറഞ്ഞു.
എന്നാൽ, മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിമാർ ഇത്തരത്തിൽ ഇടപെട്ട് സംസാരിച്ചിട്ടുണ്ടെങ്കിൽ ആരാണോ സംസാരിക്കുന്നത്, അവർ സംസാരിച്ചതിന് ശേഷമാണ് മറ്റുമന്ത്രിമാർ സംസാരിച്ചിരുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
