KERALA
വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. പട്ടിക പരിശോധിക്കുന്നതിന് ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേരളത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. പട്ടിക പരിശോധിക്കുന്നതിന് ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേരളത്തിലേക്ക് അയച്ചു. ഐടി വിദഗ്ധ സംഘവും അദ്ദേഹത്തിന് ഒപ്പവുമുണ്ട്. ബിഹാര്‍ സി ഇ ഒ എച്ച് ആര്‍ ശ്രീനിവാസയാണ് കേരളത്തിലെത്തിയത്.
ഇരട്ടവോട്ടുകള്‍ സംബന്ധിച്ച ആരോപണം തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലേക്ക് എത്തിയത് വീഴ്ചയാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ സാഹചര്യത്തിലാണ് വിശദമായ പരിശോധനക്ക് കമ്മീഷന്‍ ഉദ്യോഗസ്ഥനെ അയച്ചത്. ഇത് അസാധാരണമായ നടപടിയാണെന്നാണ് വിലയിരുത്തല്‍.
ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തീര്‍പ്പാക്കിയിരുന്നു. ഇരട്ടവോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗരേഖ അംഗീകരിച്ച ഹൈക്കോടതി, ഇരട്ടവോട്ട് ഉള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.
ഇരട്ട വോട്ട് ഉള്ളവര്‍ ബൂത്തില്‍ എത്തിയാല്‍ സത്യവാങ്മൂലം എഴുതി വാങ്ങണമെന്ന് ഹൈക്കോടതിയുടെ പ്രധാന നിര്‍ദേശം. സുഗമമായി വോട്ടെടുപ്പ് നടത്താന്‍ ആവശ്യമെങ്കില്‍ കേന്ദ്രസേനയെ നിയോഗിക്കുമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇരട്ട വോട്ടുള്ളവരുടെ ഫോട്ടോ എടുക്കണമെന്നും കൈയിലെ മഷി മായ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
തപാല്‍ വോട്ടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ഹൈക്കോടതി ഇടപെട്ടു. പോസ്റ്റല്‍ വോട്ടുകള്‍ വിവിപാറ്റ് മെഷീനുകള്‍ക്കൊപ്പം സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിക്കണം എന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥികളുടെയോ ഏജന്റ്മാരുടെയോ സാന്നിധ്യത്തില്‍ ആയിരിക്കണം പോസ്റ്റല്‍ ബാലറ്റ് ബോക്‌സുകള്‍ സീല്‍ ചെയ്യേണ്ടത്. ഈ നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ഹര്‍ജിയിലെ ആവശ്യം. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗം ആണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു. സത്യവാങ്മൂലം നല്‍കണം എന്നത് ശരിയല്ല. കള്ളവോട്ട് ചെയ്യാന്‍ പോകുന്നവര്‍ സത്യവാങ്മൂലം നല്‍കില്ല. ഒരു വോട്ട് മാത്രമേ ഉള്ളൂ എന്ന് ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞത് നന്നായി എന്നും ചെന്നിത്തല പ്രതികരിച്ചു. കള്ളവോട്ടിന്റെ വിവരങ്ങളും പ്രതിപക്ഷ നേതാവ് വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിരുന്നു.