Crime
മധു കൊലക്കേസിൽ പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും
പാലക്കാട്: മധു കൊലക്കേസിൽ പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ. മധുവിന്റെ കുടുംബത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്തിട്ടായിരിക്കും പ്രോസിക്യൂട്ടറെ നിയമിക്കുക.
മധുവിന്റെ ബന്ധുക്കളോട് മൂന്ന് അഭിഭാഷകരുടെ പേരുകൾ നിർദേശിക്കാൻ ആവശ്യപ്പെടും. കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇന്നലെയും ഹാജരായില്ലായിരുന്നു. കേസ് മാർച്ച് 26ലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ നവംബർ 15ന് കേസ് പരിഗണിച്ചപ്പോൾ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. ഇതോടെ ജനുവരി 25ലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് കേസ് പരിഗണിച്ച 25നും ഹാജരാകാതിരുന്നതോടെയാണ് കോടതി ഇടപെട്ടത്.മധു കൊല്ലപ്പെട്ടിട്ട് നാല് വർഷമായിട്ടും കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല.
2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ പരേതനായ മല്ലന്റെ മകൻ മധുവിനെ (30) മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്നത്. മുക്കാലി മേഖലയിലെ കടകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചെന്ന പേരിലാണ് മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.
