KERALA
തനിക്കെതിരായ വ്യാജ പ്രചാരണത്തിന് പിന്നില്‍ സിപിഎം ആണെന്ന് വി.ഡി സതീശന്‍

കൊച്ചി: തനിക്കെതിരായ വ്യാജ പ്രചാരണത്തിന് പിന്നില്‍ സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആര്‍എസ്എസ് പരിപാടിയില്‍ അല്ല താന്‍ 2006-ല്‍ പങ്കെടുത്തതെന്നും ഗോള്‍വാള്‍ക്കറുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും സതീശൻ പറഞ്ഞു. തന്നേക്കുറിച്ച് സിപിഎം മുഖപത്രം എഴുതിയ കാര്യങ്ങള്‍ മഞ്ഞപത്രത്തെ പോലും നാണിപ്പിക്കും. അത് വി.എസ് അച്യുതാനന്ദന് കൂടി ബാധകമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തന്റെ രണ്ട് ചിത്രങ്ങളാണ് പ്രചരിക്കുന്നത്. 2006-ല്‍ ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിക്കുന്ന ചിത്രവും 2013-ലെ പുസ്തകപ്രകാശന ചടങ്ങിലെ ചിത്രവുമാണ് ഇവ. ഇതില്‍ 2013 മാര്‍ച്ച് 13-ന് വി.എസ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ആണ് താന്‍ മാര്‍ച്ച് 24-ന് പങ്കെടുത്തതെന്ന് സതീശന്‍ പറഞ്ഞു. താന്‍ ആര്‍എസ്എസ് വേദിയില്‍ പങ്കെടുത്തുവെന്ന് പറഞ്ഞ് ബി.ജെപി നേതാക്കള്‍ നല്‍കുന്ന ചിത്രം ഏറ്റവുമധികം പ്രചരിപ്പിക്കുന്നത് സിപിഎം ഗ്രൂപ്പുകളിലാണെന്ന് സതീശന്‍ പറഞ്ഞു.സജി ചെറിയാനെ തള്ളിപ്പറയാത്ത ബിജെപി നേതാക്കള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഏത് നിയമനടപടിയും നേരിടും. വര്‍ഗീയവാദികളുടെ വോട്ട് ചോദിച്ച് ഒരിടത്തും പോയിട്ടില്ല. തന്റെ വീട്ടിലേക്ക് ഇടക്കിടെ മാര്‍ച്ച് നടത്തുന്നവരാണ് ആര്‍എസ്എസ്- സംഘപരിവാര്‍ പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. 2016-ല്‍ തന്നെ തോല്‍പ്പിക്കാന്‍ ഹിന്ദു മഹാ സംഗമം നടത്തിയിരുന്നു. ഇവരുടെ വോട്ട് ചോദിച്ചിട്ടില്ല. ആ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഇരട്ടിയാകുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.