Connect with us

Crime

ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സേവനം നല്‍കുമെന്നു പരസ്യം നല്‍കാന്‍ ആരാണ് അനുവാദം നല്‍കിയതെന്ന് ഹൈക്കോടതി

Published

on

കൊച്ചി:  ശബരിമലയിലേക്കുള്ള ഹെലികോപ്റ്റര്‍ തീര്‍ഥാടനത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സേവനം നല്‍കുമെന്നു കാണിച്ചു പരസ്യം നല്‍കാന്‍ ആരാണ് അനുവാദം നല്‍കിയതെന്ന് സ്വകാര്യ കമ്പനിയായ ഹെലി കേരളയോടു ഹൈക്കോടതിയുടെ ചോദിച്ചു.  വെബ്‌സൈറ്റിലെ പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് സ്‌പെഷല്‍ സിറ്റിങ്ങില്‍ പരിഗണിക്കുമ്പോഴാണ് ദേവസ്വം ബെഞ്ചിന്റെ ചോദ്യം. ഹെലികോപ്റ്റര്‍ സേവനം നല്‍കുന്നതിനോ പരസ്യം നല്‍കുന്നതിനോ അനുമതി നല്‍കിയിട്ടില്ലെന്നു ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. വിഷയത്തില്‍ സ്വമേധയാ കേസെടുത്ത കോടതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടിയിരുന്നു .

ശബരിമല ദര്‍ശനത്തിന് ദിവസേന അന്‍പതിനായിരം രൂപയ്ക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് എന്ന് അറിയിച്ചുകൊണ്ട് ഹെലി കേരള കമ്പനി വെബ്‌സൈറ്റില്‍ കാണിക്കുന്ന പരസ്യം ശ്രദ്ധയില്‍പ്പെട്ടാണ് ദേവസ്വം ബഞ്ച് ഇടപെട്ടത്. ഹെലികേരള കമ്പനിക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. വിഷയം പരിഗണിക്കാന്‍ ഇന്നു പ്രത്യേക സിറ്റിങാണ് നടത്തിയത്. പ്രത്യേക സുരക്ഷാ മേഖലയാണു ശബരിമല ഉള്‍പ്പെടുന്ന പ്രദേശം എന്നതിനാല്‍ കമ്പനിക്കെതിരെ എന്തു നടപടി എടുത്തു എന്നായിരുന്നു ദേവസ്വം ബോര്‍ഡിനോടുള്ള കോടതിയുടെ ചോദ്യം. സംഭവം അറിഞ്ഞ ശേഷവും നടപടി എടുത്തില്ലെന്നും കോടതി കുറ്റപ്പെടുത്തി. പരസ്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കില്ലെന്നു ഹെലി കേരള കമ്പനി കോടതിയെ അറയിച്ചു. എന്നാല്‍ പൊലീസ് നടപടി നേരിടുകയാണു വേണ്ടതെന്നായിരുന്നു കോടതിയുടെ മറുപടി. സംഭവം ഗുരുതര വിഷയമാണെന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. സംരക്ഷിത വന മേഖല ഉള്‍പ്പെടുന്നതായതിനാല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് തേടേണ്ടതുണ്ടെന്നു കേന്ദ്രം അറിയിച്ചു. മറുപടി നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Continue Reading