KERALA
സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കം, ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനിക്കും

തിരുവനന്തപുരം: ഭരണഘടനയെ വിമർശിച്ച് സംസാരിച്ചത് വിവാദമായതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന സജി ചെറിയാൻ മന്ത്രിസഭയിലേയ്ക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമായേക്കും. ഇന്ന് നടക്കുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയായേക്കാനാണ് സാദ്ധ്യത. സജി ചെറിയാൻ കേസുകളിൽ നിന്ന് മുക്തനായ സാഹചര്യത്തിലാണ് മന്ത്രിസഭയിലേയ്ക്ക് തിരിച്ചെത്തുന്നതിനുള്ള വഴിയൊരുങ്ങുന്നത്.
ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ച സജി ചെറിയാന്റെ എം എൽ എ പദവിയ്ക്ക് അയോഗ്യത കൽപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. മലപ്പുറം സ്വദേശി ബിജു പി ചെറുമൻ, ബി എസ് പി സംസ്ഥാന പ്രസിഡന്റ് വയലാർ രാജീവൻ എന്നിവർ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് തള്ളിയത്.സജി ചെറിയാനെ മന്ത്രിസ്ഥാനത്തേയ്ക്ക് തിരിച്ചുകൊണ്ടുവരുന്നതിൽ താമസിയാതെ തീരുമാനമെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. തന്റെ ഭാവി പാർട്ടി തീരുമാനിക്കുമെന്നായിരുന്നു കോടതി വിധിയ്ക്ക് പിന്നാലെ സജി ചെറിയാന്റെ പ്രതികരണം.
സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിൽ പകരം മന്ത്രിയെ നിയമിക്കാതെ മന്ത്രിസഭയിലെ നിലവിലുള്ള മന്ത്രിമാർക്ക് വിഭജിച്ച് നൽകുകയാണ് ചെയ്തത്. കൂടാതെ അദ്ദേഹത്തിന് എംഎൽഎ സ്ഥാനത്ത് തുടരാം എന്ന നിലപാടാണ് സിപിഎമ്മും തുടക്കത്തിലേ സ്വീകരിച്ചത്. .