Crime
കളമശേരി വ്യാജ ജനനസർട്ടിഫിക്കറ്റ് കേസിലെ പ്രതി അനിൽകുമാർ പിടിയിൽ
കളമശേരി വ്യാജ ജനനസർട്ടിഫിക്കറ്റ് കേസിലെ പ്രതി അനിൽകുമാർ പിടിയിൽ
കളമശേരി : കളമശേരി വ്യാജ ജനനസർട്ടിഫിക്കറ്റ് കേസിലെ പ്രതി അനിൽകുമാർ പിടിയിലായി. മധുരയിൽ നിന്നാണു അനിൽകുമാറിനെ അന്വേഷണസംഘം പിടികൂടിയത്. ഇപ്പോൾ രഹസ്യകേന്ദ്രത്തിൽ അനിൽകുമാറിനെ ചോദ്യം ചെയ്യുകയാണ്. അൽപ്പസമയത്തിനകം തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസിലെത്തിക്കും. മെഡിക്കൽ കോളെജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റായിരുന്ന അനിൽകുമാർ കേസിൽ ഉൾപ്പെട്ടതോടെ സസ്പെൻഷനിലായിരുന്നു.
മെഡിക്കൽ കോളെജിൽ ജനിച്ച പെൺകുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്കു കൈമാറി എന്നതാണു കേസ്. നിയമപരമല്ലാതെ ദത്തു നൽകുന്നതിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമിക്കുകയുംചെയ്തു. അനിൽകുമാറിൽ നിന്നും ജനനസർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നതുൾപ്പടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സൂപ്രണ്ടിന്‍റെ നിർദ്ദേശപ്രകാരമാണു ജനനസർട്ടിഫിക്കറ്റ് നിർമിച്ചതെന്നായിരുന്നു അനിൽകുമാറിന്‍റെ വിശദീകരണം. എന്നാൽ സൂപ്രണ്ട് ഇക്കാര്യം നിഷേധിച്ചു.
കേസിനെ തുടർന്ന് ഒളിവിൽ പോയ അനിൽകുമാറിന്‍റെ ഫോണുകളെല്ലാം ഓഫായിരുന്നു. അനിൽകുമാർ ആലപ്പുഴയിലേക്കു കടന്നതായി പൊലീസ് അറിയിച്ചിരുന്നു. ഇദ്ദേഹത്തെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിരുന്നു.
