Connect with us

NATIONAL

രാഹുൽ ഗാന്ധിയുടെ സുരക്ഷ സിആർപിഎഫ് അവലോകനം ചെയ്യും.താമസം മാറുന്ന സാഹചര്യം കണക്കിലെടുത്താണ് നീക്കം

Published

on

ന്യൂഡൽഹി :ലോക്സഭയിൽനിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സുരക്ഷ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) അവലോകനം ചെയ്യും. രാഹുൽ ഗാന്ധി താമസം മാറുന്ന സാഹചര്യം കണക്കിലെടുത്താണ് നീക്കം. എംപിയെന്ന നിലയിൽ രാഹുൽ താമസിക്കുന്ന തുഗ്ലക് ലെയ്നിലെ വസതി ഒരു മാസത്തിനകം ഒഴിയണമെന്ന് ഇന്നലെ ലോക്സഭാ സെക്രട്ടേറിയറ്റ് നിർദേശം നൽകിയിരുന്നുന്നു. സിആർപിഎഫിന്റെ എഎസ്എൽ (അഡ്വാൻസ്ഡ് സെക്യൂരിറ്റി ലൈയ്‌സൺ) കാറ്റഗറി ഇസഡ് പ്ലസ് സുരക്ഷയാണ് രാഹുലിനുള്ളത്. ഭീഷണിയെ അടിസ്ഥാനമാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പാനലാണ് വിഐപികൾക്കുള്ള സുരക്ഷാ വിഭാഗം തീരുമാനിക്കുന്നത്. രാഹുലിന്റെ സുരക്ഷാ കവചം സർക്കാർ കുറയ്ക്കാൻ സാധ്യതയില്ല. എന്നാൽ അദ്ദേഹം മാറുന്ന സ്ഥലത്തിന്റെ സുരക്ഷ ഏറ്റെടുക്കേണ്ടതുണ്ട്.

സ്‌പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിനു (എസ്‌പിജി) ശേഷമുള്ള രണ്ടാമത്തെ ഉയർന്ന തലത്തിലുള്ള സുരക്ഷാ പരിരക്ഷയാണ് ഇസഡ് പ്ലസ് അഡ്വാൻസ്ഡ് സെക്യൂരിറ്റി ലൈയ്‌സൺ (എഎസ്‌എൽ). എൻഎസ്ജി കമാൻഡോകൾ ഉൾപ്പെടെ 50 സുരക്ഷാ ഉദ്യോഗസ്ഥർ ഇതിൽ ഉൾപ്പെടുന്നു. 2019ൽ, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിക്കും മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും നൽകിയിരുന്ന എസ്പിജി പരിരക്ഷ സർക്കാർ പിൻവലിച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ സുരക്ഷയുമായി ബന്ധപ്പെട്ട്, 2020 മുതൽ 113 തവണ രാഹുൽ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ചുവെന്ന് സിആർപിഎഫ് അവകാശപ്പെട്ടിരുന്നു.

Continue Reading