Connect with us

NATIONAL

എൻസിപി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് ശരദ് പവാർ .അപ്രതീക്ഷിത പ്രഖ്യാപനത്തിൽ ഞെട്ടി നേതാക്കളും അണികളും

Published

on

മുംബൈ:  എൻസിപി അധ്യക്ഷ സ്ഥാനത്ത് നിന്ന് ശരദ് പവാർ ഒഴിഞ്ഞു.
തികച്ചുംഅപ്രതീക്ഷിതമായിട്ടായിരുന്നു പവാറിന്റെ രാജി പ്രഖ്യാപനം. ഇതോടെ ഞെട്ടിയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. തീരുമാനം മാറ്റാതെ വേദി വിടില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. രാജിക്കാര്യത്തില്‍ എന്‍സിപി കമ്മിറ്റി എടുക്കുന്ന തീരുമാനം ശരദ് പവാര്‍ അംഗീകരിക്കുമെന്ന് അജിത് പവാര്‍ പ്രതികരിച്ചു. ആരുമായും ആലോചിക്കാതെയാണ് പവാര്‍ രാജി പ്രഖ്യാപിച്ചതെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

1999 ൽ എൻസിപി രൂപീകരിച്ച നാൾ മുതൽ അധ്യക്ഷനായി തുടർന്ന് വരികയായിരുന്നു.  മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെയും ശിവസേനയേയും എന്‍സിപിയെയും ചേര്‍ത്ത് മഹാ വികാസ് അഘാഡി സര്‍ക്കാരിനു രൂപം നല്‍കി ബിജെപിക്കു വന്‍തിരിച്ചടി നല്‍കുന്നതിന്റെ ബുദ്ധികേന്ദ്രം ശരദ് പവാര്‍ ആയിരുന്നു.
രാജ്യസഭയിൽ ഇനിയും മൂന്ന് വർഷത്തെ കാലാവധിയുണ്ടെന്നും  ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ശരദ് പവാർ പറഞ്ഞു. ആത്മകഥയുടെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്നതിനിടെയാണ് പവാർ  സ്ഥാനമൊഴിയുന്ന കാര്യം അറിയിച്ചത്.  താൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960 മേയ് 1 നാണ്. നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. അത്യാഗ്രഹം പാടില്ലെന്നും പവാർ കൂട്ടിചേർത്തു. 

ഭാവി നടപടി തീരുമാനിക്കാൻ  മുതിർന്ന എൻസിപി നേതാക്കളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചതായി പവാർ അറിയിച്ചു.  പ്രഫുൽ പട്ടേൽ, സുനിൽ തത്കരെ, പി.സി ചാക്കോ, നർഹരി സിർവാൾ, അജിത് പവാർ, സുപ്രിയ സുലെ, ജയന്ത് പാട്ടീൽ, ഛഗൻ ഭുജബൽ, ദിലീപ് വാൽസെ പാട്ടീൽ, അനിൽ ദേശ്മുഖ്, രാജേഷ് തോപ്പെ, ജിതേന്ദ്ര ഹൗദ്, ഹസൻ മുഷ്‌രിഫ്, ധനജയ് മുഡൈ,  ജയദേവ് ഗെയ്‌ക്‌വാദ് എന്നിവരാണ് സമിതി അംഗങ്ങൾ. എൻസിപി അംഗങ്ങളായ പലരും ശരദ് പവാറിന്‍റെ തീരുമാനം അംഗീകരിക്കില്ലെന്നും തീരുമാനത്തിൽ നിന്നും പവാർ പിന്മാറണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.

ശരദ് പവാറിന്റെ സഹോദര പുത്രനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹം അടുത്തിടെ ശക്തമായിരുന്നു. പാര്‍ട്ടിയിലെ നിരവധി എംഎല്‍എമാരുടെ പിന്തുണ അജിത്തിനുണ്ടെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ശരദ് പവാര്‍ മൗനം പാലിക്കുകയായിരുന്നു.

അടുത്തിടെ വ്യവസായി ഗൗതം അദാനിയെ പിന്തുണച്ച് ശരദ് പവാർ രംഗത്തെത്തിയിരുന്നു, അദാനി ഗ്രൂപ്പിനെതിരെ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണത്തെക്കാൾ സുപ്രീംകോടതി പാനലിന്റെ അന്വേഷണമാണ് നല്ലതെന്നു പറഞ്ഞ് പ്രതിപക്ഷ നിരയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച പവാർ, അദാനി രാജ്യത്തിനു നൽകുന്ന സംഭാവനകൾ അവഗണിക്കരുതെന്നും ഓർമിപ്പിച്ചിരുന്നു.

Continue Reading