NATIONAL
ജയാനഗർ മണ്ഡലത്തിലെ റീകൗണ്ടിംഗിൽ ബി ജെ പിയ്ക്ക് ആശ്വാസ ജയം. കോൺഗ്രസിൽ നിന്ന് ബി ജെ പി മണ്ഡലം പിടിച്ചെടുത്തത് വെറും16 വോട്ടിന്റെ ഭൂരിപക്ഷത്തിന്
ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗളൂരു അർബൻ മേഖലയിലെ ജയാനഗർ മണ്ഡലത്തിലെ റീകൗണ്ടിംഗിൽ ബി ജെ പിയ്ക്ക് ആശ്വാസ ജയം. കോൺഗ്രസിൽ നിന്ന് ബി ജെ പി മണ്ഡലം പിടിച്ചെടുത്തത് വെറും16 വോട്ടിന്റെ ഭൂരിപക്ഷത്തിന്.
കോൺഗ്രസ് സ്ഥാനാർത്ഥി സൗമ്യ റെഡ്ഡിയെയാണ് ബി ജെ പിയുടെ സി കെ രാമമൂർത്തി പരാജയപ്പെടുത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ. ജയിച്ചിരുന്നെങ്കിൽ മന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുമായിരുന്നു.ആദ്യം സൗമ്യ റെഡ്ഡിയെ വിജയിയായി പ്രഖ്യാപിച്ചതിനുശേഷം ബി ജെ പിയുടെ പ്രതിഷേധത്തെത്തുടർന്ന് റീകൗണ്ടിംഗ് നടത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് ജയാനഗർ മണ്ഡലത്തിലെ ഫലം പുറത്തുവന്നത്. 160 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സൗമ്യ വിജയിച്ചതായി പ്രഖ്യാപിച്ചത്. പിന്നാലെ ബി ജെ പി നേതാക്കളായ ആർ അശോക്, തേജസ്വി സൂര്യ എന്നിവർ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതോടെ സൗമ്യയ്ക്ക് എം എൽ എ സർട്ടിഫിക്കറ്റ് നൽകുന്നത് തടഞ്ഞു.തുടർന്നാണ് റീകൗണ്ടിംഗ് നടന്നത്. ഇത് പൂർത്തിയാകുന്നതുവരെ കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ വോട്ടെണ്ണൽ കേന്ദ്രമായ ജയനഗർ പി യു കോളേജിൽ തമ്പടിച്ചിരുന്നു. ഇതിനുപിന്നാലെ ബി ജെ പി പ്രവർത്തകരും കൂട്ടത്തോടെയെത്തി. ഇരുവിഭാഗവും ഏറ്റുമുട്ടാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് പൊലീസും സായുധ സേനയും സ്ഥലത്ത് നിലയുറപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നേ മുക്കാലോടെയാണ് റീകൗണ്ടിംഗ് പൂർത്തിയായത്.ഇതോടെ കോൺഗ്രസ് 135 സീറ്റും ബി ജെ പി 66 സീറ്റും ജെ ഡി എസ് 19 സീറ്റുമാണ് തിരഞ്ഞെടുപ്പിൽ സ്വന്തമാക്കിയത്. 224 അംഗ നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് ഭരണം തിരിച്ചു പിടിച്ചത്.
