NATIONAL
മോദിക്കെതിരേ രാഹുൽ പ്രയോഗിച്ച വാക്കുകൾ ലോക്‌സഭ രേഖകളിൽ നിന്ന് നീക്കം ചെയ്തു; പ്രതിഷേധിച്ച് കോൺഗ്രസ്
ന്യൂഡൽഹി: ലോക്സഭാ രേഖകളിൽ നിന്നും രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ചില വാക്കുകൾ നീക്കി. ഹത്യ, കൊലപാതകം, രാജ്യദ്രോഹി തുടങ്ങിയ വാക്കുകൾ ഉൾപ്പെടെ 24 ഇടങ്ങളിലാണ് തിരുത്തൽ വരുത്തിയത്. രാഹുലിന്‍റെ പ്രസംഗത്തിൽ തിരുത്തൽ വരുത്തിയതോടെ ലോക്സഭയിൽ കോൺഗ്രസ് ഇന്ന് പ്രതിഷേധിക്കും.
രണ്ടാം അവിശ്വാസ പ്രമേയ ദിനമായ ബുധനാഴ്ച രാഹുൽ മോദിക്കെതിരേ ആഞ്ഞടിച്ചിരുന്നു. ഭാരതമാതാവിനെ മണിപ്പൂരിൽ ബിജെപിക്കാർ കൊലചെയ്യുകയാണ് എന്നു പറഞ്ഞിരുന്നു. ഇതിൽ രാജ്യദ്രോഹി, കൊലപാതകം എന്നീ വാക്കുകൾ രാഹുൽ നിരവധി തവണ ഉപയോഗിച്ചിരുന്നു. ഇതിൽ പ്രധാനമന്ത്രിയെ സൂചിപ്പിക്കുന്ന സ്ഥലങ്ങളെല്ലാം തിരുത്തൽ വരുത്തിയതായാണ് ലോക്സഭാ സെക്രട്ടേറിയേറ്റ് അറിയിച്ചത്.
അതേ സമയം, അവിശ്വസ പ്രമേയത്തിനു മേൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. നാലുമാണിക്കാണ് ലോക്സഭയിൽ പ്രധാനമന്ത്രിയുടെ മറുപയടി പ്രസംഗം. 2 ദിവസമായി നടന്ന അവിശ്വാസ ചർച്ചയിൽ ഒരിക്കൽ പോലും പ്രധാനമന്ത്രി ലോക്സഭയിൽ ഹാജരായിരുന്നില്ല.
