KERALA
ഏക കനൽതരിയും കെടുത്താൻ ആലപ്പുഴയിൽ രാഹുലിനെ ഇറക്കുന്നു

ഏക കനൽതരിയും കൊടുത്താൻ ആലപ്പുഴയിൽ രാഹുലിനെ ഇറക്കുന്നു
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച് ഡല്‍ഹിക്കയക്കണമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വം നല്‍കി കഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കുന്ന കോണ്‍ഗ്രസ് കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് നഷ്ടപ്പെട്ട ആലപ്പുഴ തിരിച്ചുപിടിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കളത്തിലിറക്കാനുള്ള നീക്കം തുടങ്ങി
പുലര്‍ച്ചെ പൊലീസ് രാഹുലിനെ വീട് വളഞ്ഞ് അമ്മയുടെ മുന്നില്‍ നിന്ന് അറസ്റ്റ് ചെയ്തതും തുടര്‍ന്ന് ജയില്‍ വാസം അനുഭവിക്കേണ്ടി വന്നതും യുവ നേതാവിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന വിലിയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. അതോടൊപ്പം തന്നെ ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം നേതാക്കളെ വെല്ലുന്ന വാക്ചാതുരിയോടെ തിളങ്ങുന്നുവെന്നതും രാഹുലിന്റെ പ്രത്യേകതയാണ്.
നവകേരള യാത്രയുടെ കാലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ രക്ഷാപ്രവര്‍ത്തനത്തെ
പ്രതിരോധിക്കാന്‍ യൂത്ത് കോണ്‍ഗ്രസിനെ മുന്നിട്ടിറങ്ങി സജ്ജമാക്കിയത് പാര്‍ട്ടിയിലെ യുവാക്കള്‍ക്കുള്ളില്‍ വീരപരിവേഷവും രാഹുലിന് സമ്മാനിച്ചിട്ടുണ്ട്.
2009, 2014 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കെ.സി വേണുഗോപാലിനെ വിജയിപ്പിച്ച മണ്ഡലം കഴിഞ്ഞ തവണ വെറും 10,474 വോട്ടുകളുടെ വ്യത്യാസത്തിലാണ് ഇടത്തേക്ക് ചാഞ്ഞത്. 19 സീറ്റിലും വിജയിച്ചിട്ടും ആലപ്പുഴ നേരിയ വോട്ടിന് നഷ്ടമായത് ഇത്തവണ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. കെ.സി വേണുഗോപാലിന്റെ പേരിന് തന്നെയാണ് ആലപ്പുഴയില്‍ പ്രഥമ പരിഗണന. മത്സരിക്കാന്‍ കെ.സിക്ക് താത്പര്യവുമുണ്ട്. എന്നാല്‍ സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളുടെ ചുമതല വന്നേക്കുമെന്നത് മാത്രമാണ് മത്സരിക്കാന്‍ തടസം.
അതുകൊണ്ട് തന്നെ കെ.സി മത്സരിക്കുന്നില്ലെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലാകും ആലപ്പുഴയില്‍ ജനവിധി തേടുക.
ആലപ്പുഴ മണ്ഡലത്തെ സംബന്ധിച്ച് 1977ല്‍ രൂപീകൃതമായതിന് ശേഷം നടന്ന 12 തിരഞ്ഞെടുപ്പുകളില്‍ എട്ടെണ്ണവും വിജയിച്ചത് യുഡിഎഫ് ആണ്. നാല് തവണ മാത്രമാണ് മണ്ഡലം ഇടത്തേക്ക് ചാഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ഇടത് മുന്നണിക്കും മൃഗീയ ഭൂരിപക്ഷം സമ്മാനിക്കുമ്പോഴും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആ പിന്തുണ ലഭിക്കാറില്ല. എഎം ആരിഫ് മണ്ഡലത്തിലെ ജനകീയ എംപിയാണ്. എന്നാല്‍ രാഹുലിനെ പോലെ ഒരു യുവ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയാല്‍ തിരിച്ചുപിടിക്കാമെന്ന് നേതൃത്വം കണക്ക് കൂട്ടുകയാണ്.