Connect with us

Crime

വിദ്യാർഥിനിയും യുവാവും മരിച്ചസംഭവം; പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനംമരിച്ച പെൺകുട്ടിയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കണ്ടെത്താൻ എന്തുകൊണ്ട് വെെകി

Published

on

കൊച്ചി: കാസർ​കോട് പൈവളിഗെയിൽനിന്ന് കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയും ടാക്സി ഡ്രൈവറും മരിച്ച സംഭവത്തിൽ പോലീസിനെതിരേ വീണ്ടും  രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ എന്നാണ് പോലീസ് അന്വേഷണം നടത്തിയതെന്നും സംഭവത്തിൽ പോക്സോ കേസ് ചുമത്തി അന്വേഷണം വേ​ഗത്തിൽ നടത്തണമായിരുന്നുവെന്നും ഹൈക്കോടതി വിമർശിച്ചു.
പത്താംക്ലാസ് വിദ്യാർഥിനിയെയും വിദ്യാർഥിനിയെ കടത്തിക്കൊണ്ടുപോയെന്നു കരുതുന്ന ടാക്സി ഡ്രൈവർ പ്രദീപിനെയും രണ്ട് ദിവസം മുമ്പാണ് വീടിന് സമീപത്തെ കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരത്തിന്റെ ഒരേ ചില്ലയിൽ തൂങ്ങിമരിച്ച ഇരുവരുടെയും മൃതദേഹം ജീർണിച്ച നിലയിലായിരുന്നു.

സംഭവത്തിൽ പോലീസിനെതിരേ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നത്. കേസ് ഡയറിയുമായി അന്വേഷണ ഉദ്യോ​ഗസ്ഥൻ ചൊവ്വാഴ്ച നേരിട്ട് ഹാജരാകണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. കോടതി നിർദ്ദേശത്തെ തുടർന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ കോടതിയിൽ നേരിട്ടെത്തി കേസ് ഡയറി സമർപ്പിച്ചു.

മരിച്ച പെൺകുട്ടിയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കണ്ടെത്താൻ എന്തുകൊണ്ട് വെെകിയെന്നും പെൺകുട്ടിയുടെ ഫോൺ രേഖകൾ എപ്പോഴാണ് പരിശോധിച്ചതെന്നും കോടതി ചോദിച്ചു. ഫെബ്രുവരി 12-നു പുലർച്ചെ കാണാതായ പെൺകുട്ടിക്കുവേണ്ടി പോലീസ് നായയെ ഉപയോ​ഗിച്ചുള്ള പരിശോധന നടത്തിയത് ഫെബ്രുവരി 19-നാണ്. പോലീസ് നായയെ ഉപയോ​ഗിച്ചുള്ള പരിശോധന നടത്താൻ എന്തുകൊണ്ട് വൈകിയെന്നും പോക്സോ കേസായി കണക്കാക്കി കേസ് അന്വേഷണം വേ​ഗത്തിൽ നടത്താമായിരുന്നില്ലേയെന്നും കോടതി പോലീസിനെതിരേ വിമർശനം ഉന്നയിച്ചു.

ഫെബ്രുവരി 12-നു പുലർച്ചെയാണ് പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ പെൺകുട്ടി വീടിന്റെ പിൻവാതിൽ തുറന്നു പുറത്തേക്കുപോയി എന്നായിരുന്നു രക്ഷിതാക്കളുടെ മൊഴി. മൊബൈൽ ഫോണും പെൺകുട്ടിയുടെ കൈയിലുണ്ടായിരുന്നു. ആദ്യം ഫോണിൽ ബെൽ അടിച്ചിരുന്നെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. പിന്നീട് മൊബൈൽ ടവർ ലൊക്കേഷൻ അനുസരിച്ച് നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ഞായറാഴ്ച  ഇരുവരേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Continue Reading