International
പാകിസ്ഥാനിലെ മുഴുവൻ കേന്ദ്രങ്ങളിലും ആക്രമണം നടത്താനുള്ള ആയുധശേഖരം ഇന്ത്യയ്‌ക്കുണ്ടെന്ന് ആർമി എയർ ഡിഫൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ സുമർ ഇവാൻ ഡി കുൻഹ.

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനിലെ മുഴുവൻ ലക്ഷ്യങ്ങളിലും ആക്രമണം നടത്താനുള്ള ആയുധശേഖരം ഇന്ത്യയ്‌ക്കുണ്ടെന്ന് ആർമി എയർ ഡിഫൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ സുമർ ഇവാൻ ഡി കുൻഹ. രാജ്യത്തിന്റെ സൈനിക ശേഷി ഉയർത്തിക്കാട്ടി അദ്ദേഹം ദേശീയ വാർത്ത ഏജൻസിയായ എഎൻഐയോട് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
മുഴുവൻ പാകിസ്ഥാനും ഇന്ത്യയുടെ പരിധിയിലാണ് എന്ന് ലെഫ്റ്റനന്റ് ജനറൽ ഡി കുൻഹ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പാകിസ്ഥാൻ സൈന്യത്തിന്റെ ജനറൽ ആസ്ഥാനം (ജിഎച്ച്ക്യു) റാവൽപിണ്ടിയിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വ (കെപികെ) പോലുള്ള പ്രദേശങ്ങളിലേക്ക് മാറ്റിയാലും അവർക്ക് ഇന്ത്യൻ റഡാറിന് മുന്നിൽ നിന്നും രക്ഷപ്പെടാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ നടത്തിയ ആക്രമണങ്ങൾ പാകിസ്ഥാൻ വ്യോമതാവളങ്ങളെ കൃത്യമായി ലക്ഷ്യം വച്ചായിരുന്നുവെന്നും ഇതിനായി മികച്ച ആയുധങ്ങൾ ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. ദീർഘദൂര ഡ്രോണുകളും ഗൈഡഡ് ആയുധങ്ങളും ഉൾപ്പെടെയുള്ള ആധുനിക തദ്ദേശീയ സാങ്കേതികവിദ്യ ഈ പ്രവർത്തനത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെയും ജനങ്ങളെയും സംരക്ഷിക്കുക എന്നതാണ് സായുധ സേനയുടെ പ്രാഥമിക കടമയെന്ന് ലെഫ്റ്റനന്റ് ജനറൽ ഡി കുൻഹ അടിവരയിട്ടു.
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ ആധുനിക യുദ്ധത്തിൽ പ്രത്യേകിച്ച് ഡ്രോണുകളും മറ്റ് നൂതന സാങ്കേതികവിദ്യകളും നിർവീര്യമാക്കുന്നതിൽ അതിന്റെ മികവ് പ്രകടമാക്കിയെന്നും ഇവാൻ ഡി കുൻഹ പറഞ്ഞു. വിവിധ സൈനിക ശാഖകൾക്കിടയിൽ സുഗമമായ ഏകോപനം സാധ്യമാക്കാൻ അധികൃതർക്കായി. കൂടാതെ ഭീകരതയ്‌ക്കെതിരെ ധീരമായ നടപടി സ്വീകരിക്കാനുള്ള ഇന്ത്യയുടെ കഴിവ് പ്രകടമാക്കിയതായിരുന്നു ഓപ്പറേഷൻ സിന്ദൂരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.